പ്രശ്‌നങ്ങളുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടത്, പെണ്‍കുട്ടികളെയല്ല; വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതി
Kerala News
പ്രശ്‌നങ്ങളുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടത്, പെണ്‍കുട്ടികളെയല്ല; വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2022, 11:50 am

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

വിദ്യാര്‍ത്ഥികളെ എത്രകാലം പൂട്ടിയിടാന്‍ കഴിയുമെന്നാണ് ഹൈക്കോടതി ചോദിച്ചത്. ‘രാത്രിയില്‍ സ്ത്രീകളെ വിലക്കുന്നത് എന്തിനാണ്? പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണം വേണമെന്ന് എങ്ങനെ പറയാനാകും, ക്യാമ്പസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാകും, എന്തുകൊണ്ടാണ് ഇവിടെ മാത്രം ഇത്തരം സംസ്‌കാരം ഉണ്ടാകുന്നത്’ എന്നും കോടതി ചോദിച്ചു.

ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണം ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഈ പരാമര്‍ശം നടത്തിയത്.

കേസ് പരിഗണിക്കുന്ന തനിക്ക് പെണ്‍കുട്ടികളില്ലാത്തത് കൊണ്ടാണ് ഈ നിയന്ത്രണത്തെ എതിര്‍ക്കുന്നത്, എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടുവെന്നും പക്ഷെ ദല്‍ഹി അടക്കമുള്ള സ്ഥലങ്ങളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന അടുത്ത ബന്ധുക്കള്‍ തനിക്കുമുണ്ടെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് മാത്രം എന്തിനാണെന്നും ചോദിച്ചു. രാത്രി ഒമ്പതര കഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ തല ഇടിഞ്ഞുവീഴുമോ എന്നും അദ്ദേഹം വിമര്‍ശനഭാഷയില്‍ ചോദ്യമുന്നയിച്ചു.

പ്രശ്‌നങ്ങളുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പുരുഷന്മാര്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി സ്ത്രീകളെ അനുവദിച്ചുകൂടേ,’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

ഹരജി ഇപ്പോഴും കോടതി പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കുള്ള സമയനിയന്ത്രണം പിന്‍വലിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlight: Kerala High Court against the night time restrictions in Kozhikode Medical college women’s hostel