ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
Kerala News
ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 2:44 pm

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി റദ്ദാക്കി ഹൈക്കോടതി. സെനറ്റിലേക്ക് നാല് വിദ്യാര്‍ത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ് നടപടി.

ഹ്യുമാനിറ്റി, ഫൈൻആർട്സ്, സയന്‍സ്, സ്‌പോര്‍ട്‌സ് എന്നീ നാല് വിഭാഗങ്ങളില്‍ ഗവര്‍ണര്‍ സ്വന്തം നിലയില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളെ നാമനിർദേശം ചെയ്യുകയായിരുന്നു. ഇവരൊക്കെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആണെന്നാണ് പ്രധാന ആരോപണം.

സെനറ്റിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്യുമ്പോള്‍ അതാത് മേഖലകളില്‍ പ്രാവിണ്യം നേടിയവരായിരിക്കണമെന്ന് നിബന്ധന ഉണ്ട്. എന്നാല്‍ ഗവര്‍ണര്‍ ഈ വിഷയങ്ങളൊന്നും പരിഗണിക്കാതെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം മാത്രം നോക്കി അംഗങ്ങളെ നിയമിച്ചെന്നാണ് പ്രധാന ആരോപണം.

വിവിധ വിഭാഗങ്ങളില്‍ കഴിവുള്ളവര്‍ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ രാഷ്ട്രീയം മാത്രം നോക്കി ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തെന്നും ഹരജിക്കാര്‍ ആരോപിച്ചു.

ആറാഴ്ചക്കുള്ളില്‍ പുതിയ നിയമനം നടത്തണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഹരജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കൂടെ പരിഗണിക്കണമെന്നും ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി.

Content Highlight: kerala high court against arif mohammad khan; Court canceled the nomination to the Senate of Kerala University