മഴ തകര്‍ത്ത പാതകള്‍; കോഴിക്കോട് സംസ്ഥാന-ദേശീയപാതകള്‍ക്ക് കനത്ത നാശം
Heavy Rain
മഴ തകര്‍ത്ത പാതകള്‍; കോഴിക്കോട് സംസ്ഥാന-ദേശീയപാതകള്‍ക്ക് കനത്ത നാശം
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 2:10 pm

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും സംഭവിച്ചത് കനത്ത നാശം. ചില റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്നപ്പോള്‍ പാലങ്ങള്‍ മിക്കതും തകരാറിലായി.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കനത്തമഴ പെയ്തിറങ്ങിയപ്പോള്‍ ജില്ലയുടെ പല ഭാഗങ്ങളും റോഡും പാലങ്ങളും തകര്‍ന്ന് ഒറ്റപ്പെട്ടു. പുതുതായി നിര്‍മിക്കുകയും വീതി കൂട്ടുകയും ചെയ്ത റോഡുകളും ദേശീയ, സംസ്ഥാന പാതകളും ഇക്കൂട്ടത്തിലുണ്ട്. ഉരുള്‍പൊട്ടലിലും മഴവെള്ളം കുത്തിയൊലിച്ചുമാണ് പല പ്രധാന റോഡുകളും നാമാവശേഷമായത്.

രാമനാട്ടുകര-തൊണ്ടയാട് ബെെപ്പാസില് വെള്ളം കയറിയപ്പോള്

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ ഇതാദ്യമായി വെള്ളം കയറിയ സ്ഥിതിയും ഉണ്ടായി. അറപ്പുഴ കരകവിഞ്ഞൊഴുകിയതോടെയാണ് ബൈപ്പാസില്‍ അഴിഞ്ഞിലം ജംഗ്ഷനില്‍ 200 മീറ്ററിനടുത്തോളം വെള്ളം കയറിയത്. ബൈപ്പാസിന് ഇരുവശത്തുമുള്ള വയലിലേക്ക് കയറിയ വെള്ളം റോഡും കടന്ന് കുത്തിയൊലിച്ച് ഒഴുകുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പോലും ബൈപ്പാസില്‍ ഇത്തരത്തില്‍ വെള്ളം കയറിയ അവസ്ഥയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോഴിക്കോട്-തൃശ്ശൂര്‍ റോഡില്‍ നല്ലളം ഭാഗത്തെ ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

കക്കയം ഡാംസൈറ്റ് റോഡ് ഉരുള്‍പൊട്ടലില്‍ പാടേ തകര്‍ന്നു. ഇക്കോ ടൂറിസം സെന്റര്‍ ടിക്കറ്റ് കൗണ്ടറിനു സമീപം 150 മീറ്ററോളം റോഡ് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒലിച്ചുപോയി. കക്കയം വാലിക്കടുത്തും ഉരുള്‍പൊട്ടി റോഡ് തകര്‍ന്നു. കക്കയം ജലവൈദ്യുത പദ്ധതി, ടൂറിസ്റ്റ് കേന്ദ്രം എന്നിവയിലേക്കുള്ള ഏകപാത ഇനി ഗതാഗതയോഗ്യമാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും.

കക്കയം റബര്‍ എസ്റ്റേറ്റ് മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അമ്പലക്കുന്ന് ആദിവാസി കോളനി റോഡ് തകര്‍ന്നു. പഞ്ചായത്ത് അധികൃതര്‍ തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിന്റെ സംരക്ഷണഭിത്തിക്കു കേടുണ്ട്. കക്കയം പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പഞ്ചവടി നടപ്പാലം സംരക്ഷണ ഭിത്തി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. നടപ്പാലം നശിച്ചതിനാല്‍ പഞ്ചവടി മേഖലയിലെ 25 കുടുംബങ്ങളും ദുരിതത്തിലാണ്.

കാപ്പാട്-തുഷാരഗിരി സംസ്ഥാനപാത 68-ല്‍ തുഷാരഗിരി-ചിപ്പിലിത്തോട് ഭാഗം റോഡ് തകര്‍ന്നു ഗതാഗതം പൂര്‍ണമായും നിലച്ചു. മരുതിലാവ് വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചിപ്പിലിത്തോട് 29-ാം ജംഗ്ഷനടുത്ത് റോഡ് തകര്‍ന്നു വലിയ കുഴി രൂപപ്പെട്ടു. ചിപ്പിലിത്തോട് അങ്ങാടിയില്‍ 400 മീറ്ററോളം നീളത്തില്‍ ടാറിങ് ഒലിച്ചുപോയി. വട്ടച്ചിറ അങ്ങാടിക്കും ചിപ്പിലിത്തോട് അങ്ങാടിക്കും ഇടയില്‍ റോഡില്‍ 5 സ്ഥലങ്ങളില്‍ മലപോലെ മണ്ണിടിഞ്ഞ് വീണുകിടക്കുകയാണ്.

20 കോടി രൂപ മുടക്കി നിര്‍മിച്ച് 7 മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത 5 കിലോമീറ്റര്‍ റോഡാണ് പ്രളയത്തില്‍ നശിച്ചത്. 80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അടിവാരം-നൂറാംതോട് റോഡില്‍ മരുതിലാവ് ഉരുള്‍പൊട്ടലില്‍ പോത്തുണ്ടി പാലം പൂര്‍ണമായും തകര്‍ന്ന് ഗതാഗതം നിലച്ചു. ഇവിടെ പുതിയ പാലം പണിതാലേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.

ഫറോക്ക് പാലം

ചാലിപ്പുഴ കരകവിഞ്ഞൊഴുകി കോടഞ്ചേരി-പറപ്പറ്റ-ചെമ്പുകടവ് റോഡിലെ പറപ്പറ്റ കലുങ്കിന്റെ റോഡ് തകര്‍ന്നു. കാലംപാറ തൂക്കുപാലം, പുളിക്കല്‍പ്പടി തൂക്കുപാലം, പുളിമൂട്ടിക്കടവ് കോണ്‍ക്രീറ്റ് നടപ്പാലം എന്നിവയും പൂര്‍ണമായും ഒലിച്ചുപോയി.

തലയാട് ചെമ്പുങ്കര പാലത്തിന്റെ റോഡ് ഒലിച്ചുപോയി. നേരത്തേ ശോച്യാവസ്ഥയിലായിരുന്ന ബാലുശ്ശേരി, കുന്നത്തെരു, നന്മണ്ട, പനായിനന്മണ്ട-14 റോഡുകളുടെ തകര്‍ച്ച മഴയെ തുടര്‍ന്ന് പൂര്‍ണമായി. നന്മണ്ട പടനിലം റോഡില്‍ വെള്ളം കെട്ടിനിന്ന ഭാഗങ്ങളില്‍ റോഡ് തകര്‍ന്നു.

പൂഴിത്തോട് മാവട്ടം ഇല്ല്യായനി പുഴയിലെ 3 താല്‍ക്കാലിക പാലങ്ങള്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയതിനാല്‍ 3 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കൂവപ്പൊയിലില്‍നിന്നു പന്നിക്കോട്ടൂര്‍ പാലം വഴിയുള്ള ബദല്‍ റോഡിലും വെള്ളം കയറി. പാലത്തിന്റെ റോഡ് നവീകരിച്ചാല്‍ മാത്രമേ യാത്ര സാധ്യമാവൂ.

മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം പള്ളിക്കര റോഡ് തകര്‍ന്നു. ടാര്‍ മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇളകി ചെളിയില്‍ കുഴമ്പു രൂപത്തിലായി. പലയിടങ്ങളിലായി റോഡ് തകര്‍ന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം നിലച്ച മട്ടാണ്.

നടുവണ്ണൂര്‍ പഞ്ചായത്തില്‍പ്പെട്ട മന്ദങ്കാവ് അയനിക്കാട് തുരുത്തിലെ 12 കുടുംബം വെള്ളം പൊങ്ങി ഒറ്റപ്പെട്ട നിലയിലാണ്. മന്ദങ്കാവില്‍ നിന്ന് തുരുത്തിലേക്കുള്ള ഏക വഴിയില്‍ വെള്ളം പൊങ്ങി. രണ്ടു ഭാഗം രാമന്‍പുഴയും ഒരു ഭാഗം മുതുവോട്ട് പുഴയുമാണ്. മന്ദങ്കാവില്‍ നിന്നുള്ള നടപ്പാതയാണ് ഇവിടെ എത്താനുള്ള ഏക വഴി. അവിടനല്ലൂരില്‍ അക്കര മുണ്ട്യാടി- രാമന്‍കുന്ന് റോഡ് വെള്ളം കുത്തിയൊലിച്ച് തകര്‍ന്നു.

വാണിമേല് പക്വായി പാലം

കുറ്റ്യാടി ചൂരണിമലയില്‍ ഉരുള്‍പൊട്ടി വയനാട്ടിലേക്കുള്ള പൂതംപാറ, ചൂരണി പക്രംതളം ബദല്‍ റോഡ് ഒഴുകിപ്പോയി. ഗതാഗതം പൂര്‍ണമായും നിലച്ചു. ചൂരണി പ്രദേശത്തുള്ളവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുറ്റ്യാടി ചുരം റോഡും ഏറെക്കുറെ തകര്‍ന്നു. ചുങ്കക്കുറ്റിയിലും 5, 10, 11 വളവുകളിലുമാണ് വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായത്. 10, 11 വളവിലെ മണ്ണും കല്ലുകളും നീക്കം ചെയ്തിട്ടില്ല. 11ാം വളവു മുതല്‍ വാളാംതോട് വരെയുള്ള ഭാഗം റോഡിന്റെ അരികുഭാഗം വന്‍ കുഴിയായിട്ടുണ്ട്.

മൂന്നാംകൈ മുതല്‍ ഒന്നാം വളവു വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്നുകിടക്കുകയാണ്. കുറ്റ്യാടി ഊരത്ത് റോഡ്, തൊട്ടില്‍പാലം, കരിങ്ങാട്, കൈവേലി റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് കക്കുടാരം റോഡ്, ചീത്തപ്പാട് പൊയില്‍ കോളനി റോഡ്, തൊട്ടില്‍പാലം ഓടങ്കാട്, ബാലവാടി റോഡ്, ഹാജിയാര്‍മുക്ക്, വട്ടക്കൈത, ആശ്വാസി റോഡുകള്‍ പൂര്‍ണമായി തകര്‍ന്നു. മരുതോങ്കര പഞ്ചായത്തിലെ കുറ്റ്യാടി, കച്ചേരിത്താഴ റോഡ് തകര്‍ന്നു.

നാദാപുരം മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി, കണ്ണൂര്‍ ജില്ലയിലെ പറക്കാട് എന്നീ ആദിവാസി കോളനികളിലേക്ക് വിലങ്ങാട്ടു നിന്നുള്ള ഏക റോഡായ പാലൂര്‍ റോഡിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അര കിലോമീറ്ററോളം റോഡില്‍ വിള്ളല്‍ വീണു. ഏറെ താഴ്ചയിലേക്കാണ് റോഡ് ഭിത്തി ഇടിഞ്ഞു വീണത്.

വാണിമേല്‍, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിലങ്ങാട് അങ്ങാടിയിലെ പാലം വഴി ഇനി വാഹന ഗതാഗതം അസാധ്യമാണ്. കഴിഞ്ഞ പ്രളയത്തില്‍ കൈവരികള്‍ തകര്‍ന്ന ഈ പാലത്തിന്റെ ഇരുകരകളിലെയും പാര്‍ശ്വഭിത്തികള്‍ തകര്‍ന്നു. നമ്പ്യത്താന്‍കുണ്ടിനെയും ഭൂമിവാതുക്കല്‍ അങ്ങാടിയെും ബന്ധിപ്പിക്കുന്ന പാക്വയി പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് ഒഴുകിപ്പോയി.

നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് ഭാഗത്ത് പ്രളയജലം ഉയരുന്നതോടെ വാഹനങ്ങള്‍ തിരിച്ചുവിടുന്ന നാദാപുരം പുളിക്കൂല്‍ കുമ്മങ്കോട് റോഡിന്റെ മധ്യഭാഗത്ത് കൂറ്റന്‍ വിള്ളലുണ്ടായി.

മുക്കം കോഴിക്കോട്, താമരശ്ശേരി, അരീക്കോട്, ചേന്ദമംഗല്ലൂര്‍, കാരമൂല, കൂടരഞ്ഞി തുടങ്ങിയ പ്രധാന റോഡുകളെല്ലാം മഴയില്‍ താറുമാറായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ പുതിയോട്ടില്‍ കടവ് തുക്കൂപാലവും നഗരസഭയിലെ തൃക്കുടമണ്ണ തൂക്കുപാലവും തകര്‍ന്നു. കാരമൂലയിലെ വല്ലത്തായ് പാറയിലെ വെന്റ് പൈപ്പ് പാലവും മുക്കം കടവിലെ വെന്റ് പൈപ്പ് പാലവും വെള്ളത്തില്‍ മുങ്ങി.

WATCH THIS VIDEO: