അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് സംരക്ഷണം നല്‍കി കോടതി
national news
അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് സംരക്ഷണം നല്‍കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th June 2021, 3:56 pm

കൊച്ചി: രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ലക്ഷദ്വീപ് ആക്ടിവിസ്റ്റും സിനിമാ സംവിധായികയുമായ ഐഷ സുല്‍ത്താനയ്ക്ക് സംരക്ഷണം നല്‍കി കോടതി. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ടി.വി. ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് നേരത്തെ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kerala HC verdict on Aisha Sulthana sedition case