കൊവിഡ് കാലത്തെ മരണക്കണക്കില്‍ താരതമ്യേന സുതാര്യത കാണിച്ചത് കേരളം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കില്‍ ജോണ്‍ബ്രിട്ടാസ്
Kerala News
കൊവിഡ് കാലത്തെ മരണക്കണക്കില്‍ താരതമ്യേന സുതാര്യത കാണിച്ചത് കേരളം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കില്‍ ജോണ്‍ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 1:35 pm

തിരുവനന്തപുരം: കൊവിഡ് കാലത്തെ മരണക്കണക്കില്‍ താരതമ്യേന സുതാര്യത കാണിച്ചത് കേരളമെന്ന് രാജ്യസഭ എം.പിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. കൊവിഡ് കാലത്ത് രാജ്യത്തുണ്ടായ മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവന്നതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം.

ആ കാലഘട്ടത്തില്‍ ദേശീയ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ കൊവിഡ് കുതിച്ചുയരുന്നതെന്ന ചോദ്യം തുടര്‍ച്ചയായി ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ സംസ്ഥാനത്തെ പരിശോധനയും ചികിത്സയും അത് സംബന്ധിച്ചുള്ള കണക്കുകളുമൊക്കെ കുറ്റമറ്റതാണെന്നും മറ്റുള്ളവര്‍ അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ കേരളത്തെ എന്തിന് പഴിക്കുന്നുവെന്ന് മറുപടി നല്‍കിയത് ഇപ്പോള്‍ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകിയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കാര്യം സമ്മതിച്ചുവെന്നും 2021ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ കൊവിഡ് മൂലം ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിരുന്നുവെന്ന് കാണിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ടെന്നുമാണ് ബ്രിട്ടാസിന്റെ പോസ്റ്റില്‍ പറയുന്നത്.

സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ഉള്‍പ്പെടെ ലഭിച്ച വിവരങ്ങള്‍ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നതെന്നും ഇതില്‍ ഭയാനകമായ രീതിയില്‍ മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

ഗുജറാത്താണ് ഏറ്റവും കൂടുതല്‍ മരണം ഒളിപ്പിച്ചുവെക്കാന്‍ ശ്രമിച്ചതെന്നും 2021ല്‍ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയതെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശും ബീഹാറും ബംഗാളും രാജസ്ഥാനുമൊക്കെ ഈ രൂപത്തില്‍ മരണ നിരക്ക് കുറച്ചു കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും ഈ കാര്യത്തില്‍ താരതമ്യേന സുതാര്യത കാണിച്ച പട്ടികയില്‍ കേരളം പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് ഗംഗാനദിയില്‍ ഒഴിക്കിയ മൃതദേഹങ്ങളുടെ കണക്കുകള്‍ പോലും അന്ന് രേഖപ്പെടുത്തിയിരുന്നില്ല എന്ന വസ്തുതയാണ് പുതിയ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kerala has shown relative transparency in its death toll during Covid; John Brittas on Union Home Ministry’s figures