തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കുട്ടികൾക്കെതിരായി വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും ദുരൂഹമരണങ്ങളും സംബന്ധിച്ച സാഹചര്യങ്ങൾ സമഗ്രമായി പഠിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. മൂന്ന് ദിവസത്തിനകം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
2010 മുതൽ 2023 വരെ പാലക്കാട് ജില്ലയിലെ അതിർത്തി മേഖലകളിൽ 13 വയസ്സിൽ താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലാതിക്രമ വിരുദ്ധ സമിതി കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി 2026 ജൂൺ 11-ന് 16 വർഷമായി ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന ഒരു കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും മറ്റ് 23 കേസുകളിൽ വിശദീകരണം തേടുകയും ചെയ്തു.
ഹൈക്കോടതി നടപടികൾക്ക് പിന്നാലെ കൊച്ചി ആസ്ഥാനമായ ബാലാതിക്രമ വിരുദ്ധ സമിതി ഭാരവാഹികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സമർപ്പിച്ച നിവേദനവും നിലവിലെ സാഹചര്യവും ഗൗരവമായി പരിഗണിച്ച മന്ത്രി, വിഷയത്തിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രത്യേക സംവിധാനത്തിലൂടെ സമഗ്ര പഠനം നടത്തുമെന്നും ഉറപ്പുനൽകി. ഇതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനിച്ചത്.
ആഭ്യന്തര വകുപ്പിലെ എ.ഐ.ജി. ജി. പൂങ്കുഴലി ഐ.പി.എസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സിൽ ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് ആൻഡ് വെൽഫെയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരിക്കും.
പാലക്കാട് ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ മേഖലകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും പോക്സോ കേസുകളും താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കും. ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളുടെയും ഉപയോഗം കുട്ടികളുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ, സാമൂഹിക ഘടകങ്ങൾ എന്നിവയും പഠനവിധേയമാക്കും.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസ് വകുപ്പിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, വനിതാ-ശിശു വികസനം, സാമൂഹ്യനീതി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ഏകോപിത പ്രവർത്തനത്തിനുള്ള ശുപാർശകൾ ടാസ്‌ക് ഫോഴ്‌സ് സമർപ്പിക്കും. ബോധവൽക്കരണം, മാനസികാരോഗ്യ പിന്തുണ, കൗൺസിലിംഗ്, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദീർഘകാല നയപരവും ഭരണപരവുമായ നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടും.
എസ്.ഐ.ടി. രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതോടെ തുടർനടപടികൾ ആരംഭിക്കും.
Content Highlight: Kerala Government to form a Special Task force to investigate POCSO Case- Direction from Home Minister