നയപ്രഖ്യാപനമല്ല നയരാഹിത്യ പ്രസംഗം; പ്രകടനപത്രികയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു: പിണറായി വിജയന്‍
Kerala
നയപ്രഖ്യാപനമല്ല നയരാഹിത്യ പ്രസംഗം; പ്രകടനപത്രികയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നു: പിണറായി വിജയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2026, 12:37 pm

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നയപ്രഖ്യാപനം അല്ല നയരാഹിത്യ പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് പിണറായി പ്രതിപക്ഷ നേതാവായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് തെറ്റിധരിപ്പിക്കുന്ന വാദങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. റിസര്‍വ്ബാങ്ക് തന്നെ അംഗീകരിച്ച കണക്കില്‍ പറയുന്നത് 5429 കോടി രൂപ ഖജനാവില്‍ വെച്ചുകൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നാണ്. പക്ഷേ ആ ഭാഗം മറച്ചുവെച്ച് ശരിയല്ലാത്ത നരേറ്റിവ് സൃഷ്ടിക്കാനുള്ള ശ്രമം നയപ്രഖ്യാപനത്തിലുണ്ടായെന്ന് പിണറായി പറഞ്ഞു.

2035 വരെയുള്ള സംസ്ഥാനത്തിന്റെ വികസന ബ്ലൂപ്രിന്റ് കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയതാണ്. അത് എങ്ങനെ മുന്നോട്ട് പോകുമെന്നത് സംബന്ധിച്ച് നയപ്രഖ്യാപനത്തില്‍ സൂചനപോലുമില്ല. ഒട്ടേറെ പ്രധാനപ്പെട്ട പദ്ധതികള്‍ സംബന്ധിച്ച് പരാമര്‍ശമില്ല.

കേന്ദ്ര സാമ്പത്തിക നയം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ നയം തുടര്‍ന്നാല്‍ ജനം കൂടുതല്‍ ദുരിതത്തിലേക്ക് എത്തിപ്പെടാം. അവിടെ ജനത്തിന് ആശ്വാസമേകുന്ന നടപടികള്‍ വേണ്ടി വരും. അതിനൊന്നുമുള്ള കൃത്യമായ കാഴ്ചപ്പാട് നയപ്രഖ്യാപനത്തിലില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തില്‍ കാണാം. കേരളത്തിലെ വികസനത്തെ പിറകോട്ടടിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നതാണ് നയപ്രഖ്യാപനം. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

കേരളത്തെ പുതു യുഗത്തിലേക്ക് ആനയിക്കും എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ അതിലേക്കുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തിലില്ല. അതില്ലെങ്കില്‍ ലക്ഷ്യം എങ്ങനെ സാധ്യമാക്കാമെന്നത് അവ്യക്തമാണ്.പ്രതീക്ഷിച്ച രീതിയിലുളള നയപ്രഖ്യാപനം അല്ല വന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ വിവിധ മിഷനുകള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു.

ധവള പത്രത്തെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ധനകാര്യ ഫെഡറലിസത്തിന്റെ കടക്കല്‍ കത്തിവയ്ക്കുന്ന നയമാണ് യൂണിയന്‍ സര്‍ക്കാരിനുള്ളത്. അതിനെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ ഒരു പരാമര്‍ശവുമില്ല. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ പേരിന് പോലും പരാമര്‍ശിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ബ്ലൂ എക്കണോമി ആണോ ഇവിടെയും തുടരുക എന്ന് വ്യക്തമല്ലെന്നും പിണറായി പറഞ്ഞു.

‘കേരള സര്‍ക്കാരിന്റെ അവസ്ഥ അപകടത്തിലാണ് എന്ന് വരുത്താനുള്ള ശ്രമം കാണുന്നു. സംസ്ഥാനത്തിന്റെ പൊതു കടം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കുറയുകയാണുണ്ടായതെന്ന് നമ്മുടെ ധനസ്ഥിതി നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. കടത്തിന്റെ കണക്കില്‍ ഇന്ത്യയിലെ ആദ്യ 15 സംസ്ഥാനങ്ങളില്‍ കേരളമില്ല. ഏത് അവസ്ഥയും നേരിടാന്‍ തക്ക വിധം ഖജനാവിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറ്റിയിരുന്നെന്നും പിണറായി പറഞ്ഞു.

നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുന്‍തൂക്കം നല്‍കുന്ന ഏത് പദ്ധതിയെയും പിന്തുണക്കും. എന്നാല്‍ നാടിന്റെ താത്പര്യത്തിനും ജനക്ഷേമത്തിനും എതിരായ നടപടികളെ എതിര്‍ക്കും. അതാണ് ഈ സര്‍ക്കാരിനോട് സ്വീകരിക്കാന്‍ പോകുന്ന സമീപനമെന്ന് നേരത്തേ തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നയപ്രഖ്യാപനം ഉദ്ദേശിച്ച രീതിയിലായില്ല. അതിനാലാണ് ഈ പ്രതികരണമെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി സാധാരണ നിലയില്‍ നല്ല ബന്ധം സംസ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ സാമ്പത്തിക ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ആ കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അത് വ്യക്തമാക്കിയിട്ടില്ല എന്നുള്ളതാണ് ഇതിലുള്ള ദൗര്‍ബല്യമെന്നും പിണറായി പറഞ്ഞു.

വന്ദേമാതരം മുഴുവമനായി ചൊല്ലേണ്ട ആവശ്യം സഭയിലില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം പൂര്‍ണമായും ആലപിക്കുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ സത്യപ്രതിജ്ഞയില്‍ വന്ദേ മാതരം മുഴുവന്‍ ചൊല്ലുന്ന സാഹചര്യമുണ്ടായി. അത് പാടില്ലായിരുന്നു. അതിന് ശേഷം ഇപ്പോള്‍ സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതിനാലാവും ആദ്യ ഈരടികള്‍ മാത്രം പാടിയത്. ഇതാണ് സ്വീകരിക്കേണ്ട നിലപാടെന്നും പിണറായി പറഞ്ഞു.

Content Highlight: Kerala Government Policy Announcement: Response From Pinarayi Vijayan