ലോകായുക്ത പിണറായി ഭവന്തു | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ലോകായുക്ത ഭേദഗതി ബില്ല് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. അടിപൊളി. അപ്പൊ ഇനിയങ്ങോട്ട് ലോകായുക്ത വിധിക്കുന്ന കാര്യം തള്ളണോ വേണ്ടയോ എന്നൊക്കെ സര്‍ക്കാരിന് ഒറ്റക്കങ്ങ് തീരുമാനിക്കാം. വിധി എന്തായാലും കാര്യമില്ല വെറുതെ നോക്കി ഇരിക്കാന്‍ കൊള്ളാം എന്ന് മാത്രം.

ജനങ്ങള്‍ തിരഞ്ഞെടുത്ത പൊതു പ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതി അന്വേഷിക്കാനും നടപടി സ്വീകരിക്കാനും വേണ്ടി 1998ല്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്. ആളുകളുടെ ശുപാര്‍ശ രൂപത്തിലാണ് ലോകായുക്ത വിധി പുറപ്പെടുവിക്കുക. പിന്നെ ലോകായുക്ത പുറത്തുവിടുന്ന വിധി അനുസരിച്ച് പൊതുപ്രവര്‍ത്തകനെ അധികാരസ്ഥാനത്തു നിന്നും മാറ്റണം എന്നാണ് നിയമം. ഭരണത്തില്‍ അഴിമതി കാട്ടുന്ന ടീംസിനോട്, എന്നാ നീ ആ സൈഡിലോട്ട് മാറി ഇരി എന്ന് പറയാന്‍ തക്ക ശക്തമായ അധികാരമാണ് ലോകായുക്തുള്ളത്. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് നിയമമായാല്‍ ലോകായുക്തയുടെ അധികാരം കയ്യീന്ന് പോകും.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വല്യച്ചന്റെ മോനെ ബന്ധുനിയമനം വഴി കേരള സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചതിന് കെ ടി ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ ശരിയാവില്ല എന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇത് കാരണം പുള്ളി രാജിവെച്ച് ലോകായുക്തക്കെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ പോയിട്ടും ഒരു കാര്യവും ഉണ്ടായില്ല.

പക്ഷെ പുതിയ ഭേദഗതി അനുസരിച്ച് കോടതിക്ക് വല്ല്യ റോള്‍ ഒന്നും ഇല്ല. എല്ലാം പിണറായി വിജയന്‍ തന്നെ നോക്കിക്കോളും. വിധി എങ്ങനെ വന്നാലും മുഖ്യമന്ത്രിക്ക് ഒരു ഹിയറിംഗ് ഒക്കെ നടത്തി നൈസ് ആയി സ്വയം ഒരു വിധി പ്രഖ്യാപിക്കാവുന്നതേ ഒള്ളു.

പിന്നെ ഓര്‍ഡിനന്‍സ് പ്രകാരം ലോകായുക്തയുടെ വിധിയില്‍, ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കില്‍ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. അതോര്‍ത്ത് ആരും പേടിക്കേണ്ട. വേണ്ടി വന്നാല്‍ മൂന്നു മിനുറ്റ്‌കൊണ്ട് തീരുമാനം എടുക്കും. ഞങ്ങളുടെ മുഖ്യന്‍ ഡബിള്‍ സ്‌ട്രോങ്ങല്ല ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്. അതുകൊണ്ട് തീരുമാനം ഒക്കെ മിന്നല്‍ പോലെ വന്നോളം.

അപ്പൊ ചുരുക്കി പറഞ്ഞാല്‍ ലോകായുക്തയുടെ കയ്യില്‍ തോക്ക് കൊടുക്കാം, പക്ഷെ പൊട്ടിക്കാന്‍ പാടില്ല. പൊട്ടിക്കും മുന്ന് ക്യാപ്റ്റനോട് ചോദിക്കണം. ഇതിലും ഭേദം അതങ്ങ് പിരിച്ചു വിടുന്നതല്ലേ. എന്തിനാണ് വെറുതെ ഒരു പ്രഹസനവും നാടകവുമൊക്കെ. എല്ലാം മുഖ്യന്റെ ഇഷ്ടം പോലെ ആവാലോ. ഇത് ഭേദഗതി ചെയ്യുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത് 2020 ഡിസംബറില്‍ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു ഈ നിര്‍ദ്ദേശം വന്നതും.

അതുകൊണ്ട്, നിങ്ങള്‍ക്ക് സംശയം ഒന്നും തോന്നിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് എനിക്ക് പറയാലോ ലെ. അതായത് നിലവില്‍ രണ്ട് കേസുകള്‍ സര്‍ക്കാരിനെതിരെ ലോകായുക്തയുടെ പരിഗണനയിലുണ്ട്. ഒന്ന് മുഖ്യമന്ത്രിക്കെതിരെ മറ്റൊന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ്് മന്ത്രി ആര്‍. ബിന്ദുവിനെതിരെ.

ഒന്ന് പരത്തി പറഞ്ഞാല്‍ ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലീസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം, ഇതൊക്കെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള മൂന്ന് കേസുകള്‍.

ആര്‍. ബിന്ദുവിനെതിരെയുളള കേസ് ആണെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടതാണ്. ഈ നിയമനത്തില്‍ മന്ത്രി കൊടുത്ത രണ്ട് കത്തുകളും നിയമ വിരുദ്ധവും സ്വജനപക്ഷപാതവുമാണെന്നുമാണ് ആരോപണം. ഈ കേസുകളുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആകാറായിട്ടുണ്ട്. അതുകൊണ്ടാണോ ഈ ധൃതിപിടിച്ചുള്ള ഓര്‍ഡിനന്‍സ് എന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

ഇന്ന് കേരളത്തിലോ ഇന്ത്യയിലോ മന്ത്രിമാര്‍ക്കോ മുന്‍ എം.പി മാര്‍ക്കോ എം.എല്‍.എമാര്‍ക്കോ എതിരായ ഒരു ആരോപണവും അന്വേഷിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്. അതിനുള്ള പണിയെടുത്തത് ശ്രീ മോദിജിയായിരുന്നു. കാരണം ഇവര്‍ക്കെതിരെയുള്ള ആരോപണം അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെയോ അപ്പോയിന്റിംഗ് അതോറിറ്റിയുടേയോ മുന്‍കൂട്ടിയുള്ള അനുമതി വേണമെന്നുള്ളതായിരുന്നു പാര്‍ലമെന്റില്‍ മോദി കൊണ്ടുവന്ന നിയമത്തിന്റെ സാരാംശം. അതുകൊണ്ട് തന്നെ ഒരു പൊതുപ്രവര്‍ത്തകനെതിരേയും അഴിമതി ആരോപണം കൊണ്ടുവരാന്‍ സാധിക്കാത്ത ഗതിയാണ്.

മോദിയുടെ ഇത്തരം നിയമങ്ങളിലെ വെള്ളം ചേര്‍ക്കലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്ന ഒരു സി.പി.ഐ.എം, മന്‍മോഹന്‍ സിംഗ് ലോകായുക്ത ആക്ട് കൊണ്ടുവന്നപ്പോള്‍, എന്തായിത്.. കടുപ്പം പോരല്ലോ എന്ന് പറഞ്ഞിരുന്ന ഞങ്ങടെ സി.പി.ഐ.എം തന്നെയാണോ ഇപ്പോ ആ ഉള്ള കടുപ്പം കൂടെ അങ്ങ് അലിയിച്ച് ഇല്ലാതാക്കുന്നത്? ഇത് ഞാനെങ്ങനെ വിശ്വസിക്കും.

ലോകായുക്തയെ കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കറും പ്രതിപക്ഷനേതാവുമൊക്കെ ഉണ്ടാകേണ്ടതാണ്. പക്ഷെ ഭാഗ്യത്തിന് അവരുടെ അഭിപ്രായങ്ങള്‍ ഒന്നും തന്നെ ഇവിടെ എടുത്തിട്ടില്ല. അതുകൊണ്ട് എന്തുകൊണ്ടും ജനാധിപത്യപരമാണ് ഈ മന്ത്രിസഭ തീരുമാനം. ഇനിയിപ്പൊ സുഖായി. സര്‍ക്കാരിനെതിരെ എന്ത് അഴിമതി ആരോപണം വന്നാലും അത് സര്‍ക്കാരിന് തന്നെ സ്വന്തം ഇഷ്ടത്തിന്, അത് അന്വേഷിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാലോ. അപ്പോ സന്തോഷായില്ലേ എല്ലാര്‍ക്കും


Content Highlights: Kerala government decided to bring an ordinance to amend the Kerala Lok Ayukta Act

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.