മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ പുതിയ കമ്മീഷന്‍; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
kERALA NEWS
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ പുതിയ കമ്മീഷന്‍; മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 7:00 pm

തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ.ശശിധരന്‍ നായര്‍, അഡ്വ.കെ.രാജഗോപാലന്‍ നായര്‍ എന്നിവരെ കമ്മീഷനാക്കി നിയമിച്ചിരിക്കുന്നത്.

മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഒപ്പം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായുള്ള സ്ഥിരം കമ്മീഷനും പുനസംഘടിപ്പിച്ചിട്ടുണ്ട്.


പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ രണ്ട് വിഭാഗങ്ങളില്‍ കൂടി സംവരണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ കമ്മീഷനെ നിയമിച്ച കാര്യത്തില്‍ എന്‍.എസ്.എസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പിന്നോക്ക പിന്തുണ ഒന്നുകൂടി ഉറപ്പിക്കലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ പുതിയ സംവരണ നീക്കം. രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ഏര്‍പ്പെടുത്തി വിജ്ഞാപനം പുതുക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നിന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ അതും സമ്മതിക്കുകയാണ്.