വട്ടിയൂര്‍ക്കാവില്‍ താമര വിരിഞ്ഞില്ല: ത്രികോണ മത്സരത്തില്‍ മുരളിക്ക് വിജയം
Daily News
വട്ടിയൂര്‍ക്കാവില്‍ താമര വിരിഞ്ഞില്ല: ത്രികോണ മത്സരത്തില്‍ മുരളിക്ക് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2016, 1:09 pm

വട്ടിയൂര്‍ക്കാവ്: ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് വിജയം. 7622 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ വിജയിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ സീമയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും തമ്മിലുള്ള ത്രികോണ മത്സരമാണ് വട്ടിയൂര്‍ക്കാവ് കണ്ടത്.

മുരളീധരന്‍ 51322 വോട്ടും കുമ്മനം 43,700 ടി.എന്‍ സീമ 40441 വോട്ടും നേടി.

സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയപ്പോള്‍ ബി.ജെ.പി ഇവിടെ വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെണ്ണലിന്റെ അവസാനം വരെ മുരളിക്ക് ശക്തമായ ഭീഷണിയായി നില്‍ക്കാന്‍ കുമ്മനത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ മുരളീധരന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.

സിറ്റിങ് എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കിമാറ്റാനാണ് മുരളീധരന്‍ ശ്രമിച്ചത്. മണ്ഡലത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങുന്നില്ല എന്ന ആരോപണം മുരളീധരന്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ ഇടതുമുന്നണിയുടെ ചെറിയാന്‍ ഫിലിപ്പിനെതിരെ ലഭിച്ച 16,167 വോട്ടിന്റെ വിജയം പകരുന്ന ആത്മവിശ്വാസത്തോടെയായിരുന്നില്ല ഇത്തവണ മുരളീധരന്‍ മത്സരിച്ചത്.

മണ്ഡലത്തിലെ ഇടതുവോട്ടുകള്‍ ചോരാതെ സീമയ്ക്കു ലഭിക്കുമെന്നായിരുന്നു സി.പി.ഐ.എം നേതാക്കളുടെ പ്രതീക്ഷ. പാര്‍ലമെന്റില്‍ മികവു തെളിയിച്ച നേതാവെന്നതും സീമയ്ക്ക് ഗുണം ചെയ്യുമെന്ന് സി.പി.ഐ.എം കണക്കൂകൂട്ടിയിരുന്നു. നായര്‍ സമുദായത്തിനു നിര്‍ണായക സ്വാധീനമാണു മണ്ഡലത്തിലുള്ളത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 56531 വോട്ടുകള്‍ നേടിയാണ് കെ. മുരളീധരന്‍ ഇവിടെ വിജയിച്ചത്. 40364 വോട്ടുകളാണ് ചെറിയാന്‍ ഫിലിപ്പിനു നേടാനായത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച വി.വി രാജേഷിന് 13494 വോട്ടുകളും ലഭിച്ചിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍മുന്നേറ്റമാണ് ഇവിടെ കാഴ്ചവെച്ചത്. 29,199 വോട്ടുകളാണ് എല്‍.ഡി.എഫ് നേടിയത്. ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ മത്സരിച്ച എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തി. 24,942 വോട്ടുകളാണ് ഇവര്‍ നേടിയത്. യു.ഡി.എഫിന്റെ വോട്ട് 24,531 ആയി കുറയുകയും ചെയ്തു.

പക്ഷേ പഞ്ചായത്തു തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാന്‍ ഇത്തവണ എല്‍.ഡി.എഫിനു കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.


ഭൂരിപക്ഷം: 7622

യു.ഡി.എഫ്: കെ. മുരളീധരന്‍ : 51,322

എന്‍.ഡി.എ: കുമ്മനം രാജശേഖരന്‍ : 43700

എല്‍.ഡി.എഫ്: ടി.എന്‍ സീമ : 43,700

നോട്ട : 816

ബി.എസ്.പി: മെക്കാന്‍സി കെ. ജോണ്‍: 399