തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം ദുരിതം നേരിടുന്ന സാഹചര്യത്തില്‍ ദേശീയപാതയിലെ മൂന്നിടങ്ങളില്‍ ടോള്‍ പിരിവ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസകളില്‍ 26ാം തിയ്യതി വരെ ട്രോള്‍ പിരിക്കരുതെന്നാണ് നിര്‍ദശം.

പ്രളയമേഖലയിലേക്ക് ദുരിതാശ്വാസ സഹായവുമായി ചെന്ന വാഹനങ്ങളില്‍ നിന്നടക്കം ടോള്‍ പിരിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ടോള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളടക്കം രംഗത്തുവന്നിരുന്നു.

വിദേശത്തു നിന്നയക്കുന്ന ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്നും ജി.എസ്.ടിയില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസത്തിനുള്ള വസ്തുക്കള്‍ ട്രെയിന്‍ വഴി സൗജന്യമായി എത്തിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു.