പാലയില്‍ ഇനി ഏത് മാണി ?
Kerala Election 2021
പാലയില്‍ ഇനി ഏത് മാണി ?
അന്ന കീർത്തി ജോർജ്
Tuesday, 23rd March 2021, 6:34 pm

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്നണിമാറ്റങ്ങള്‍ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ എത്രത്തോളം സ്വാധീനിക്കുമെന്നറിയാന്‍ കേരളം കാത്തിരിക്കുന്ന മണ്ഡലമാണ് പാല. ഇതുവരെ യു.ഡി.എഫിനൊപ്പം നിന്നവര്‍ എല്‍.ഡി.എഫിലും എല്‍.ഡി.എഫിനൊപ്പമായിരുന്നവര്‍ പാലയെ ചൊല്ലി യു.ഡി.എഫിനൊപ്പവും നിലയുറപ്പിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍. ജോസ് കെ. മാണിയും മാണി സി. കാപ്പനും നടത്തിയ വലിയ ചുവടുമാറ്റങ്ങളുടെ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടത്തേക്കാള്‍ ഇരുവിഭാഗങ്ങളുടെയും അഭിമാന പ്രശ്‌നമെന്ന നിലയില്‍കൂടി മത്സരം നടക്കുന്ന മണ്ഡലമാണ് പാല.

അമ്പത് വര്‍ഷം തുടര്‍ച്ചയായി കെ.എം മാണി എന്ന ഒരേയൊരു നേതാവിനെ മാത്രം വിജയിപ്പിച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 2006 മുതല്‍ മാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി. കാപ്പനെയായിരുന്നു വിജയിപ്പിച്ചത്.

എന്നാല്‍ 2021 ലെ നിയസഭാതെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും രാഷ്ട്രീയ കേരളത്തില്‍ നടന്ന അട്ടിമറികള്‍ കെ.എം മാണിയുടെ പാര്‍ട്ടിയെയും മകന്‍ ജോസ് കെ. മാണിയെയും ഇടത് പാളയത്തിലെത്തിച്ചു. നേരത്തെ പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ച എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്കും ചേക്കറി. എന്‍.സി.പിയെ ഉപേക്ഷിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് മാണി സി. കാപ്പന്‍ യു.ഡി.എഫിലെത്തിയിരിക്കുന്നത്.

മാണിയുടെ മരണത്തിന് തൊട്ടുപിന്നാലെ സീറ്റ് നഷ്ടമായ ജോസ് കെ. മാണിക്കും ഈയൊരൊറ്റ സീറ്റിനായി പുതിയ പാര്‍ട്ടി വരെ രൂപീകരിച്ച മാണി സി. കാപ്പനും വിജയം ഒരുപോലെ അനിവാര്യമാണ്. മാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട ബന്ധമുള്ള മുന്നണിയെ ഉപേക്ഷിച്ച് എതിര്‍ മുന്നണിയില്‍ എത്തിയ ഇരുവര്‍ക്കും പുതിയ മുന്നണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ വിജയം കൂടിയേ തീരു.

പാലയുടെ നിയമസഭാ ചരിത്രം

ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ പാല നിയമസഭാ മണ്ഡലം 1965 മുതലാണ് രൂപീകരിക്കപ്പെടുന്നത്. 1967 മുതല്‍ 2016 വരെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം പാലയില്‍ നിന്നും വിജയിച്ചത് കെ.എം മാണി മാത്രമാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പിളര്‍ന്ന ശേഷം കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയുമായാണ് മാണി പാലയിലെ അധിഷേധ്യ നേതാവായി തുടര്‍ന്നത്.

കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലയില്‍ കെ.എം മാണിയുടെ മരണത്തിന് ശേഷം അപ്രതീക്ഷിത പരാജയമായിരുന്നു പാര്‍ട്ടി ഏറ്റുവാങ്ങിയത്. പി.ജെ ജോസഫും ജോസ് കെ. മാണിയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പാല കേരള കോണ്‍ഗ്രസിന് കൈവിട്ടുപോകുന്നതില്‍ പ്രധാന കാരണമായത്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പി.ജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും തെറ്റിപ്പിരിയാന്‍ കാരണമായത്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലുകളും നടന്നു.

ജോസ് കെ. മാണി നിശ്ചയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് പാര്‍ട്ടി ചിഹ്നമായ രണ്ടില നിഷേധിച്ചതോടെ തര്‍ക്കം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഇപ്പോള്‍ കോടതി വിധിയിലൂടെ ജോസ് കെ. മാണി വിഭാഗത്തിനു തന്നെ രണ്ടില ചിഹ്നം തിരിച്ചുകിട്ടിയിരിക്കുകയാണ്.

അതേസമയം 2006 മുതല്‍ എന്‍.സി.പി നേതാവായിരുന്ന മാണി സി. കാപ്പനിലൂടെ എല്‍.ഡി.എഫ് മണ്ഡലത്തില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ.എം മാണിയ്ക്ക് ഇവിടെ ജയിച്ചക്കാനായത്. ഇപ്പോള്‍ മാണി സി. കാപ്പന്‍ യു.ഡി.എഫിലാണെങ്കിലും ഇടതുപക്ഷ വോട്ടര്‍മാര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.

വിവിധ ചാനലുകള്‍ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ഇടതുപക്ഷത്തിന് വിജയസാധ്യത കല്‍പ്പിക്കുന്നതും തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ജോസ് കെ. മാണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

കെ.എം മാണിയെ പോലൊരു നേതാവിനെതിരെ നിരന്തരം ഏറ്റുമുട്ടി ഉയര്‍ത്തിയെടുത്ത വോട്ടിംഗ് ശതമാനത്തിലാണ് സിറ്റിംഗ് എം.എല്‍.എയായ മാണി സി. കാപ്പന്റെ പ്രതീക്ഷ. ഒപ്പം യു.ഡി.എഫ് വോട്ടുകളും പി.ജെ ജോസഫ് വിഭാഗത്തിന്റേതടക്കമുള്ള കേരള കോണ്‍ഗ്രസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്നും അദ്ദേഹം കരുതുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നോട്ടുവെക്കുന്ന സാധ്യതകള്‍

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാല ഉള്‍പ്പെടുന്ന കോട്ടയത്ത് നിന്നും കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടാനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. ആ തെരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് യു.ഡി.എഫായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ എല്‍.ഡി.എഫിനേക്കാള്‍ 30,000ത്തിലേറെ വോട്ടുകള്‍ യു.ഡി.എഫിന് നേടാനായി.

ഈ കണക്കുകള്‍ യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായിരിക്കും നിയമസഭക്ക് വേണ്ടിയുള്ള ജനങ്ങളുടെ തെരഞ്ഞെടുപ്പെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല മുന്‍സിപ്പാലിറ്റിയിലേറ്റ പരാജയവും യു.ഡി.എഫിന് തലവേദനയാകുന്നുണ്ട്. ജോസ് കെ. മാണി യു.ഡി.എഫ് വിട്ടതിന് തൊട്ടു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളില്‍ 17 സീറ്റും എല്‍.ഡി.എഫ് നേടി. ഇതില്‍ 11ഉം കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റുകളായിരുന്നു. എട്ട് സീറ്റ് മാത്രമാണ് യു.ഡി.എഫിന് നേടാനായത്. ഇതില്‍ കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന് വിജയിക്കാനായത് മൂന്ന് സീറ്റുകളില്‍ മാത്രവും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പാലയിലും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലും വലിയ വിജയം നേടാനായത് ജോസ് കെ.മാണിയുടെ വരവോടെയായിരുന്നു. എല്‍.ഡി.എഫില്‍ തനിക്കും പാര്‍ട്ടിക്കും മികച്ച സ്ഥാനം നേടിയെടുക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ജാസ് കെ. മാണിക്ക് അനുകൂല സാഹചര്യങ്ങളൊരുക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ യു.ഡി.എഫില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ കെ. മുരളീധരനടക്കമുള്ളവര്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പോകാന്‍ അനുവദിച്ചതിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്രയും വര്‍ഷങ്ങളായി സഖ്യകക്ഷിയായ പാര്‍ട്ടിയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കണമെന്നായിരുന്നു പാലയിലെ പരാജയം ചൂണ്ടിക്കാട്ടി ഇവര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇപ്രാവശ്യം തോറ്റുപോയാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരും.

ബി.ജെ.പി എവിടെ നില്‍ക്കുന്നു

പാല ജോസ് കെ. മാണിക്കൊപ്പം ഇടത്തോട്ടോ മാണി സി കാപ്പനൊപ്പം വലത്തോട്ടോ ചായുമെന്നതല്ലാതെ ബി.ജെ.പിയ്ക്ക് മണ്ഡലത്തില്‍ സാധ്യതയുണ്ടാകില്ലെന്ന് തന്നെയാണ് നിഗമനങ്ങള്‍. വോട്ട് ശതമാനം പരിശോധിക്കുമ്പോള്‍ പലപ്പോഴും വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാല മുന്‍സിപ്പിലാറ്റിയിലെ ഒരേയൊരു സിറ്റിംഗ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായിരുന്നു.

പാലയിലെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയാണ് ഇത്തവണ ബി.ജെ.പിയില്‍ നിന്ന് മത്സരിക്കുന്ന പ്രമീള ദേവി. ജോസ് കെ. മാണിയുടെയും മാണി സി കാപ്പന്റെയും മുന്നണി മാറ്റത്തിനെതിരായ പ്രചരണങ്ങള്‍ ഉയര്‍ത്തി തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എങ്കിലും പാലയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ബി.ജെ.പിയ്ക്ക് അട്ടിമറി വിജയം സാധ്യമല്ലെന്ന് തന്നെയാണ് നിഗമനങ്ങള്‍.

2019ലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം ഇനി നേരെ തിരിച്ച്

2019ലെ ഉപ തെരഞ്ഞെടുപ്പിന് ശേഷം കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ അടിമുടി മാറ്റം കാണാനാകും. 2019ല്‍ മാണി സി കാപ്പന് വേണ്ടി വോട്ട് തേടിയെത്തിയ ഇടതുപക്ഷ നേതാക്കളെല്ലാം ഇപ്രാവശ്യം ജോസ് കെ മാണിക്കൊപ്പം അണിനിരക്കുകയാണ്. അന്ന് കെ.എം മാണിക്കും ജോസ് കെ മാണിക്കുമെതിരെ ഉയര്‍ത്തിയ വാദങ്ങളെല്ലാം മാറ്റിവെച്ചു കൊണ്ട് പുതിയ പ്രചാരണ തന്ത്രങ്ങളുമായിട്ടാണ് ഇടതുപക്ഷം അങ്കത്തിനിറങ്ങുക.

മുന്നണി വിട്ടതിന് പിന്നാലെ ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവര്‍ ആ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടാനാണ് ശ്രമിക്കുന്നത്. ഒപ്പം മാണിയെ അഴിമതിക്കാരാനെന്ന് ആരോപിച്ച എല്‍.ഡി.എഫിനൊപ്പം പോയത് വഞ്ചനയാണെന്നായിരിക്കും കോണ്‍ഗ്രസ് നേതാക്കളുടെ പ്രധാന പ്രചരണ തന്ത്രം. പാലയില്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.