കേരളം പിടിക്കേണ്ടത് അഭിമാന പ്രശ്‌നം; നേരിട്ടിറങ്ങാന്‍ കേന്ദ്ര നേതൃത്വം; പദ്ധതികളുമായി കോണ്‍ഗ്രസ്
Kerala Election 2021
കേരളം പിടിക്കേണ്ടത് അഭിമാന പ്രശ്‌നം; നേരിട്ടിറങ്ങാന്‍ കേന്ദ്ര നേതൃത്വം; പദ്ധതികളുമായി കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 5:15 pm

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കുമായി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. നിലവില്‍ എല്‍.ഡി.എഫിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭിച്ച വിജയം കോണ്‍ഗ്രസ് നേതൃത്വത്തിനെ ഉലച്ചിട്ടുണ്ട്.

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പുനസംഘടനയെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് വഴങ്ങനാണ് കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പുകളുടെ തീരുമാനം.

അടിത്തറ ശക്തമാക്കിയാല്‍ മാത്രമേ തുടര്‍ന്നുവരുന്ന തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ കഴിയുവെന്ന ഹൈക്കമാന്റ് നിര്‍ദ്ദേശവും നേതാക്കളില്‍ തന്നെയുള്ള ഒരു വിഭാഗത്തിന്റെയും നിരന്തര ആവശ്യങ്ങള്‍ക്കും ഗ്രൂപ്പ് നേതാക്കള്‍ വഴങ്ങുകയായിരുന്നു.

ഇതിന്റെ ഭാഗമായി പ്രവര്‍ത്തനമികവില്ലാത്തവരെ മാറ്റണമെന്ന ഹൈക്കമാന്‍ഡ് നിലപാട് ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സികളിലെ അഴിച്ചുപണി തിരിച്ചടിയാകുമെന്ന കാരണം ഉന്നയിച്ച് ഹൈക്കമാന്‍ഡ് നീക്കത്തിന് തടയിടാനായിരുന്നു എ, ഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമം.

നിലവില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , കാസര്‍ഗോഡ് ഡി.സി.സി അധ്യക്ഷന്മാരെയും ഇരട്ട പദവി വഹിക്കുന്ന പാലക്കാട്, എറണാകുളം, വയനാട് അധ്യക്ഷന്മാരെയും മാറ്റാനാണ് സാധ്യത.

കൊല്ലം ഡി.സി.സി അധ്യക്ഷയായ ബിന്ദു കൃഷ്ണയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും വനിതാ പ്രാധിനിത്യം പരിഗണിച്ച് തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യതയില്ല.

പ്രചരണത്തിനായി എ.കെ ആന്റണി, മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടി

സംസ്ഥാന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രചരണത്തിനായി എ.കെ ആന്റണിയെ ഇറക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക. അതേസമയം തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാന്‍
ആയി ഉമ്മന്‍ചാണ്ടിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം കേരള രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് കേന്ദ്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന എ.കെ ആന്റണി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എത്രത്തോളം ഗുണകരമാകുമെന്ന് ചില നേതാക്കള്‍ ചോദിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും മത്സരിക്കാമെന്നുമാണ് ഹൈക്കമാന്റ് തീരുമാനം. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കെണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും മത്സരിക്കുക.

കഴിഞ്ഞ തവണ മത്സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളിലും വിജയിക്കുമെന്നാണ് കെ.പി.സി.സിയുടെ വലയിരുത്തല്‍. മറ്റു സ്ഥാനാര്‍ത്ഥികളെ
കേരളയാത്ര തുടങ്ങിയ ശേഷമാകും നിശ്ചയിക്കുക.

ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകു. അതേസമയം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്നതിനായി ചിലരെ ഒഴിവാക്കിയേക്കുമെന്നും ഹൈക്കമാന്‍ഡ് സൂചനകള്‍ നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021, It is a matter of pride for Kerala to hold on; Central leadership to face off; Congress with plans