കേരളം വര്‍ഗീയതയുടെ വിളനിലമല്ല; മറ്റു സംസ്ഥാനങ്ങളിലെ രീതി ഇവിടെയെടുത്താല്‍ അത് ഇവിടെ വില പോകില്ലെന്നും ബി.ജെ.പിയോട് മുഖ്യമന്ത്രി
Kerala Election 2021
കേരളം വര്‍ഗീയതയുടെ വിളനിലമല്ല; മറ്റു സംസ്ഥാനങ്ങളിലെ രീതി ഇവിടെയെടുത്താല്‍ അത് ഇവിടെ വില പോകില്ലെന്നും ബി.ജെ.പിയോട് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 6:52 pm

കണ്ണൂര്‍: കേരളം വര്‍ഗീയതയുടെ വിളനിലമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിന് മുമ്പ് കേവല ഭൂരിപക്ഷം പോലും ഭരിക്കാന്‍ വേണ്ടെന്ന് ബി.ജെ.പി പ്രചരണം നടത്തിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങളിലെ രീതി ഇവിടെയെടുത്താല്‍ അത് ഇവിടെ വില പോകില്ലെന്ന് ബി.ജെ.പിക്ക് മനസിലായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ചില സംസ്ഥാനങ്ങളില്‍ എന്തൊക്കെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നുംവര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ല എന്നാണ് തെരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കലും പ്രധാനമാണ്. അതിനെതിരെ ഒട്ടേറെ വെല്ലുവിളി ഉയരുന്ന സമയമാണിത്. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം കേരളത്തിലുണ്ടാകണമെന്നാണ് എല്ലാ മതനിരപേക്ഷ വാദികളും ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ നാട്ടിലും വര്‍ഗീയ ശക്തികളുണ്ട്. അവരുടെ തനത് രീതികള്‍ കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിക്കുകയും, ചില ശ്രമം വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുമുണ്ട്. അതിനോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തില്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിര്‍ത്തിയതും ഇതാണ്.നമ്മുടെ സമൂഹത്തിലെ മഹാ ഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടത് തുടര്‍ ഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒടുവിലെ കണക്കുകള്‍ പ്രകാരം 99 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.എഫിന് 41 സീറ്റുകളും ലഭിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 CM Pinarayi Vijayan comment About Election and BJP