കൊച്ചി: യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനും സംഘത്തിനുമെതിരെ താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടതായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. പോക്‌സോ കേസുകള്‍, നര്‍ക്കോട്ടിക്, എം.ഡി.എം.എ ഉപയോഗം, മാനസിക ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചരണം, സൈബര്‍ ക്രൈംസ് തുടങ്ങിയ ആരോപണങ്ങളിലാണ് അന്വേഷണം.
അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരന്‍ ഉത്തരവിട്ടു. പരാതികളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പോലീസ് സൂപ്രണ്ട് അങ്കിത് അശോകന്‍ ഐ.പി.എസിന് ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയതായി ശ്രീജിത് പെരുമന അറിയിച്ചു.
തൊപ്പി എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ സൈബര്‍ ഇടപെടലുകള്‍ അടുത്തിടെ വിവാദമായിരുന്നു. നിഹാദിനെതിരെ തന്റെ അനുയായികളായ മുഹമ്മദും, ഷമീറും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
ഇരുകൂട്ടരുമായി ലൈവ് വീഡിയോ സ്ട്രീമിങ് വഴി ഉടലെടുത്ത തര്‍ക്കത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും ഗായകനും, അഭിനേതാവുമായ ഹനാന്‍ ഷായുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതോടെ വലിയ വിവാദങ്ങള്‍ക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ തുടക്കമിട്ടിരുന്നു.
ഹനാന്‍ ഷാ പങ്കുവെച്ച കുറിപ്പ്. Photo: Screen grab/ Instagram.com
ഹനാന്‍ ഷായുടെ കുടുംബത്തിലെ അംഗമായ സ്ത്രീക്കെതിരെ നിഹാദ് മോശമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷമീറും മുഹമദും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നിഹാദ് ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഓഡിയോയും തെളിവായി പുറത്തുവിട്ടിരുന്നു.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കോപ്പിറൈറ്റ് സ്ട്രൈക്ക് നല്‍കി ഹനാന്‍ ഷാ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ വീഡിയോയുടെ പല ഭാഗങ്ങളും ഒട്ടനവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ ഹനാന്‍ ഷാ താക്കീത് നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാന്‍ഷാ ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്.
‘ഇത്തരം കണ്ടെന്റ്‌സ് സൃഷ്ടിക്കപ്പെടുകയോ, പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ, ചെയ്യുന്നവര്‍ക്ക്, കോപ്പിറ്റെറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍സ്, പ്ലാറ്റ്‌ഫോം ആക്ഷന്‍സ് എന്നിവയ്‌ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം, എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി ആക്ടിലെയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോസ് പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യു,’ എന്നാണ് ഹനാന്‍ഷാ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞത്.
Content Highlight: Kerala DGP Directs State Cyber Operations Chief to open Inquiry on allegations against You tuber Thoppi – Says Advocate