തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്. ഐ. ആർ) എതിർക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്ത് കേരളം. എസ്.ഐ.ആറിനെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബി.ജെ.പി ഒഴികെയുള്ള പാർട്ടികൾ സർവകക്ഷി യോഗത്തിലെടുത്ത തീരുമാനത്തെ പിന്തുണച്ചു. 2002 ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശമാണെന്ന് സർവകക്ഷി യോഗത്തിൽ പറഞ്ഞു. നിയമപോരാട്ടത്തിൽ കോൺഗ്രസും കക്ഷി ചേരുമെന്ന് അറിയിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കുമ്പോൾ 2002 ലെ പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം ദുരുദ്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ആശങ്കയോട് പൂർണമായും യോജിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കോടതിയിൽ പോയാൽ കേസിൽ കക്ഷിചേരാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ജനാതിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്.ഐ.ആർ പട്ടികയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം എസ്.ഐ.ആറിനോട് സഹകരിക്കണമെന്ന് സിറോ മലബാർ സഭ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശ്വാസികളായ എല്ലാവരും വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നും പ്രവാസികളുടെ പേരും പട്ടികയിൽ ഉൾപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സഭ അറിയിച്ചു. സിറോ മലബാർ സഭ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശം.
Content Highlight: Kerala decides to oppose radical voter list reform (SIR) in all-party meeting