റിയാസിന്റെയും വീണയുടെയും വിവാഹം, ആരെയാണ് അസ്വസ്ഥമാക്കുന്നത് ?
ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ വലിയ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും നേരെ നടക്കുന്നത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് താഴെയും അല്ലാതെയുമായി നിരവധി പേര്‍ അശ്ലീലകരവും വര്‍ഗീയവുമായ പോസ്റ്റുകളും കമ്മന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ലവ് ജിഹാദ് ആരോപണവും വിദ്വേഷപരാമര്‍ശങ്ങളുമെല്ലാമായാണ് ഇവയില്‍ പലതും എത്തിയിട്ടുള്ളത്.

കേരളത്തിലെ ഹിന്ദുക്കള്‍ക്ക് വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്നു. ഹിന്ദു സഖാക്കള്‍ തിരിച്ചറിവില്ലാത്ത വര്‍ഗമാണ്, പാര്‍ട്ടി ഓഫീസില്‍ നിസ്‌ക്കാരപ്പായകള്‍ വിതരണം ചെയ്യും തുടങ്ങിയ വര്‍ഗീയത നിറഞ്ഞ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

ഇരുവരുടേതും രണ്ടാം വിവാഹമാണ് എന്നതുമായി ബന്ധപ്പെട്ട് സദാചാരപരമായ ആക്ഷേപങ്ങളും ഇക്കൂട്ടര്‍ നടത്തിവരുന്നുണ്ട്. പുനര്‍വിവാഹമെന്നാല്‍ പഴയ വണ്ടി വാങ്ങലാണെന്നും ആക്രി പെറുക്കലാണെന്നും റീ സൈക്കിള്‍ കേരളം നടപ്പിലാവുന്നു എന്നുമെല്ലാം തുടങ്ങി തികച്ചും മോശമായ കമന്റുകളും ഇപ്പോള്‍ വരുന്നുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാഷ്ട്രീയവും വ്യക്തിപരവുമായ എതിര്‍പ്പുകള്‍ക്കപ്പുറത്തേക്ക് പുനര്‍വിവാഹത്തെക്കുറിച്ചുള്ള മലയാളി പൊതുബോധത്തിന്റെ പ്രതിഫലനമാണ് ഇതെന്നും വിഷയത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

വന്ന കമന്റുകളില്‍ ചിലത് രാഷ്ട്രീയ എതിര്‍പ്പുകളുടെ തുടര്‍ച്ചയാണെങ്കില്‍ മറ്റുചിലത് വ്യക്തിഹത്യ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ഇത്തരം കമന്റുകളോട് ചിലര്‍ നടത്തിയ പ്രതികരണം. രണ്ട് പേര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് അവരുടെ തികച്ചും വ്യക്തിപരമായ തീരുമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും ഉണ്ടായി വരണമെന്നും ചില ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു വ്യക്തിയുടെ പൊതുജീവിതത്തിന്റെയും സ്വകാര്യ ജീവിതത്തിന്റെയും അതിര്‍വരമ്പുകള്‍ മനസ്സിലാക്കാനും ബഹുമാനിക്കാനും മലയാളി ഇനിയും പഠിച്ചിട്ടില്ലെന്നും ചിലര്‍ പ്രതികരിച്ചു.

നവോത്ഥാനവും ജനാധിപത്യ മുന്നേറ്റങ്ങളും വളര്‍ത്തിയെടുത്ത എല്ലാ മാനവിക മൂല്യങ്ങള്‍ക്കും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നവരാണ് ഇത്തരം കമന്റുകളിടുന്നതെന്ന് സി.പി.ഐ.എം നേതാവായ കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വിവാഹവും വിവാഹമോചനവുമെല്ലാം ഒരു പൗരസമൂഹത്തില്‍ വ്യക്തികളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പിന്റെയും തീരുമാനത്തിന്റെയും പ്രശ്‌നമാണെന്ന് ഇത്തരം ഞരമ്പുരോഗികള്‍ക്ക് ഒരിക്കലും മനസിലാക്കാനാവില്ല. രാജ്യത്ത് നിലനില്ക്കുന്ന സിവില്‍ നിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ അംഗീകരിക്കാത്തവരാണല്ലോ ഈ വര്‍ഗീയ വാദികളെന്നും അദ്ദേഹം എഴുതിയ കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ