ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും സി.പി.ഐ.എം മത്സരിക്കും; തീരുമാനത്തിന് എല്‍.ഡി.എഫിന്റെ അംഗീകാരം
By Election
ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും സി.പി.ഐ.എം മത്സരിക്കും; തീരുമാനത്തിന് എല്‍.ഡി.എഫിന്റെ അംഗീകാരം
ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 5:34 pm

തിരുവനന്തപുരം: കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലത്തിലും സി.പി.ഐ.എം മത്സരിക്കും. ഇത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നെന്നും തീരുമാനത്തില്‍ യോഗത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി, അരൂര്‍, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  മത്സരിച്ച സിറ്റിംഗ് എം.എല്‍.എമാര്‍ ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മഞ്ചേശ്വരത്ത് എം.എല്‍.എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സി.പി.ഐ.എമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളുടേയും ചുമതല നേരത്തെ സെക്രട്ടറിയേറ്റംഗങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു.

ഇവരുടെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. വട്ടിയൂര്‍ക്കാവില്‍ കോര്‍പറേഷന്‍ മേയര്‍ വി.കെ.പ്രശാന്തിന്റെ പേരിനാണ് മുന്‍തൂക്കം. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ്.സുനില്‍കുമാറിന്റെ പേരും ഒരു വിഭാഗം മുന്നോട്ടുവെക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മുന്‍ എം.പി ടി.എന്‍.സീമ എന്നിവരും പരിഗണനാപ്പട്ടികയിലുണ്ട്.

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് സി.പി.ഐ.എം പരിശോധിക്കുന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെങ്കില്‍ എം.അനില്‍കുമാറിനാണ് പ്രഥമ പരിഗണന. അരൂരില്‍ സി.ബി ചന്ദ്രബാബു, മനു സി പുളിക്കന്‍, പിപി ചിത്തരഞ്ചന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്.

കോന്നിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ജനീഷ് കുമാര്‍, സി.പി.ഐ.എം പത്തനംതിട്ട ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു, എം.എസ് രാജേന്ദ്രന്‍ എന്നിവരാണ് പരിഗണനയില്‍.

മഞ്ചേശ്വരത്തേക്ക് സി.എച്ച് കുഞ്ഞമ്പു, കെആര്‍ ജയാനന്ദ, ശങ്കര്‍റൈ എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന.

WATCH THIS VIDEO: