ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1നാണ് ഈസ്റ്റ് ബംഗാളിനെ കീഴ്‌പ്പെടുത്തിയത്. ഇവാൻ കല്യൂസ്നിയുടെ ഇരട്ട ഗോളുകളും അഡ്രിയാൻ ലൂണയുടെ തകർപ്പൻ ഗോളുമാണ് മഞ്ഞപ്പടയെ വിജയത്തിലേക്കെത്തിച്ചത്.
ഉജ്ജ്വല വിജയത്തോടെ മഞ്ഞപ്പട ആഹ്ളാദത്തിൽ കുതിക്കുമ്പോൾ, ഇന്നത്തെ രാത്രി ഒരാൾക്ക് ഹൃദയസ്പർശിയായ നിമിഷമാണ്, കേരളത്തിന്റെ അഡ്രിയാൻ ലൂണക്ക്. ഈ വർഷം ജൂലൈയിൽ ലൂണയുടെ മകൾ ജൂലിയേറ്റയുടെ മരണവാർത്ത ക്ലബ് പങ്കുവെച്ചിരുന്നു.

മത്സരത്തിന്റെ 72ാം മിനിട്ടിൽ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയപ്പോൾ താരം ആകാശത്തേക്ക് നോക്കി തന്റെ കയ്യിൽ ടാറ്റൂ ചെയ്ത മകളുടെ ചിത്രത്തിൽ സ്പർശിച്ച് വികാരാധീനനാവുകയായിരുന്നു. ഒരുപക്ഷേ തന്റെ മകൾ ജീവനോടെയുണ്ടായിരുന്നെങ്കിൽ മറ്റാരെക്കാളും ഉറക്കെ ആർത്തുവിളിച്ച് ആഘോഷിക്കുമായിരുന്ന ആ ഗോൾ തന്റെ കുഞ്ഞു മാലാഖക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാനാണ്.

ഹൃദയഭേദകമായ കുറിപ്പിലൂടെ സോഷ്യൽ മീഡിയ വഴിയാണ് താരം തന്റെ ആറ് വയസുകാരിയായ മകളുടെ വിയോഗം ആരാധകരുമായി പങ്കുവെച്ചിരുന്നത്. ശ്വസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ഗുരതരമായ ബാധിക്കുന്ന സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗം ബാധിച്ചായിരുന്നു ജൂലിയേറ്റിന്റെ മരണം.
