ഇവനാരെടാ എന്ന് ആ ഗോള്‍ കണ്ടവരൊക്കെ ചോദിച്ചിരിക്കണം; ഇവാന്‍ കലുഷ്‌നി ഐ.എസ്.എല്ലില്‍ ആദ്യമായി പന്ത് തൊട്ട നിമിഷം വല കുലുക്കുന്നു
Sports News
ഇവനാരെടാ എന്ന് ആ ഗോള്‍ കണ്ടവരൊക്കെ ചോദിച്ചിരിക്കണം; ഇവാന്‍ കലുഷ്‌നി ഐ.എസ്.എല്ലില്‍ ആദ്യമായി പന്ത് തൊട്ട നിമിഷം വല കുലുക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th October 2022, 10:41 pm

ഐ.എസ്.എല്ലില്‍ ഗംഭീരമായി തുടങ്ങിയിരിക്കുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇരട്ട ഗോളുമായി ഇവാന്‍ കലിയൂഷ്‌നിയും തകര്‍പ്പന്‍ ഗോളില്‍ അഡ്രിയാന്‍ ലൂണയും തകര്‍ത്തുകളിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചുവിട്ടത്.

ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിന് പിന്നാലെ ഉക്രൈന്‍ യുവതാരം ഇവാന്‍ കലൂഷ്നിയുടെ പ്രതിക്ഷിക്കാത്ത പ്രകടനം തന്നെയാണ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത്.

ഇവാന്‍ കലുഷ്‌നി ഐ.എസ്.എല്ലില്‍ ആദ്യമായി പന്ത് തൊട്ട നിമിഷം ഗോള്‍ പിറന്നപ്പോള്‍ ഇവനാരെടാ എന്ന് ആ ഗോള്‍ കണ്ടവരൊക്കെ ചോദിച്ചിരിക്കണം എന്നാണ് മാധ്യമപ്രവര്‍കന്‍ എസ്. ലല്ലു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. പകരക്കാരനായി ഇറങ്ങിയാണ് ഉക്രൈന്‍ താരം ഇവാന്‍ കലുഷ്‌നി രണ്ട് ഗോളുകള്‍ നേടിയത്. ഇറങ്ങിയ ഉടനെ 82-ാം മിനിട്ടിലും പിന്നീട് 89-ാം മിനിട്ടിലുമാണ് കലുഷ്‌നി ഗോള്‍ നേടിയത്.

എസ്. ലല്ലു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം

ഇതിലും ഗംഭീരമായൊരു തുടക്കം ഐ.എസ്.എല്ലിനും കേരളാ ബ്ലാസ്റ്റേഴ്‌സിനും കിട്ടാനില്ല. രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, കിട്ടിയ മഞ്ഞയൊക്കെ വാരിയണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. കാത്തിരിപ്പിന്റെ മുതലും പലിശയും ചേര്‍ത്ത്, കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങിയ അഡ്രിയാന്‍ ലൂണയുടെ മാജിക്ക്.

അതാ ഒറ്റക്കൊരു ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക്. ഇവനാരെടാ എന്ന് ആ ഗോള്‍ കണ്ടവരൊക്കെ ചോദിച്ചിരിക്കണം. ബ്ലാസ്റ്റേഴ്‌സ് മിഡ് ഫീല്‍ഡ് അടക്കി വാഴാന്‍ അവതരിച്ച ഇവാന്‍ കലുഷ്‌നി ഐ.എസ് .എല്ലില്‍ ആദ്യമായി പന്ത് തൊട്ട നിമിഷം ഗോള്‍ പിറക്കുന്നു. എന്തൊരു പൊക്കമുള്ള വരവ്.

കൊച്ചി സ്റ്റേഡിയം മൊത്തം നിശബ്ദമായ ഒരേ ഒരു മൊമന്റ ഈസ്റ്റ് ബംഗാള്‍ നേടിയ ആ ഗോള്‍ മൊമന്റ് ആണ്. ആ ഷോട്ട് തീര്‍ക്കുമ്പോള്‍ അലക്‌സ് എന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഉത്സവ പറമ്പിലെ ഉന്മാദിയായ ഒരു ഏകാകിയെ പോലായിരുന്നു. അയാളും പന്തും മാത്രം.

ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ വിക്ഷേപണത്തറയില്‍ നിന്ന് പൊട്ടിയടര്‍ന്ന അമിട്ട് പോലായിരുന്നു. 25 വാര അകലെ നിന്ന് ഇവാന്‍ കലുഷ്‌നി പന്തില്‍ ഒന്ന് കൂടി തൊട്ടതാണത്രേ. കടലിളക്കി വന്ന മഞ്ഞപ്പട കളറായി തുടങ്ങി.

CONTENT HIGHLIGHTS:  Golden Performance of kerala blaster’s  ivan kalyuzhnyi  against east bengal