വംശീയ അധിക്ഷേപം നേരിട്ട ഐബാനെ ചേര്‍ത്തുപിടിച്ച് ബ്ലാസ്റ്റേഴ്‌സ്; ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കി
football news
വംശീയ അധിക്ഷേപം നേരിട്ട ഐബാനെ ചേര്‍ത്തുപിടിച്ച് ബ്ലാസ്റ്റേഴ്‌സ്; ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 11:41 pm

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തിനിടെ ഐബാന്‍ ഡോഹ്ളിങ്ങിനെതിരായ വംശീയ അധിക്ഷേപത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്.സി താരം റയാന്‍ വില്യംസണ്‍ നടത്തിയ റേഷ്യല്‍ അബ്യൂസിനെതിരെ ബ്ലാസ്റ്റേഴ്‌സ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കി.

വംശീയ അധിക്ഷേപങ്ങള്‍ ഫുട്‌ബോളിന് നല്ലതല്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് പരാതിയില്‍ പറയുന്നു. ബെംഗളൂര്‍ എഫ്.സി വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് താരം ഐബാന്‍ ഡോഹ്ളിങ്ങിനെതിരെ ബെംഗളൂരു എഫ്.സി താരം റയാന്‍ വില്യംസണാണ് വളരെ മോശമായ രീതിയില്‍ റേഷ്യല്‍ അബ്യൂസ് നടത്തിയത്. മത്സരത്തിന്റെ 82ാം മിനിട്ടിലാണ് സംഭവം.

ഐബാന്റെ അടുത്ത് ചെന്ന് മൂക്ക് പൊത്തിക്കൊണ്ട് റയാന്‍ താരത്തെ അധിക്ഷേപിക്കുകയായിരുന്നു. നേരത്തെ നടന്ന സമാന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് റയാനെതിരെ ബ്ലാസ്റ്റേഴ്സ് താരങ്ങളും ആരാധകരും രംഗത്തെത്തുകയായിരുന്നു. വംശീയ മനോഭാവമുള്ള താരത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം സീസണിലെ ആദ്യ വിജയം കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

Content Highlight: Kerala Blasters hold up aiban dohling who faced racial abuse