ഒടുവില്‍ സ്വന്തം മണ്ണില്‍ വിജയക്കൊടി പാറി; ജംഷഡ്പൂരിനെ വീഴ്ത്തി കൊമ്പന്മാര്‍
Football
ഒടുവില്‍ സ്വന്തം മണ്ണില്‍ വിജയക്കൊടി പാറി; ജംഷഡ്പൂരിനെ വീഴ്ത്തി കൊമ്പന്മാര്‍
സുദേവ് എ
Saturday, 18th April 2026, 7:05 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം ജയം. ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം വിജയമാണിത്.

3-5-2 എന്ന ഫോര്‍മേഷനിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളത്തിലിറങ്ങിയത്. 4-2-3-1 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്. മത്സരം തുടങ്ങി 12ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. നിഹാല്‍ സുധീഷാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. വലത് വിങ്ങില്‍ നിന്നും ലഭിച്ച ഒരു മികച്ച ക്രോസില്‍ തലവെച്ചാണ് താരം ലക്ഷ്യം കണ്ടത്. 36ാം മിനിറ്റില്‍ വിപിന്‍ മോഹനനിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും സ്വന്തമാക്കി. വിപിനും ഹെഡറിലൂടെയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

ആദ്യ പകുതിയില്‍ സ്വന്തമാക്കിയ രണ്ട് ഗോളുകളുടെ കരുത്തില്‍ ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ 84ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം സ്റ്റീഫന്‍ എസെ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതും ബ്ലാസ്റ്റേഴ്‌സിന്റെ വിജയം അനായാസമാക്കി.

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 10 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് വീതം ജയവും സമനിലയും ആറ് തോല്‍വിയുമായി എട്ട് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും അടക്കം 15 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ജംഷഡ്പൂര്‍.

ഏപ്രില്‍ 23നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഏപ്രില്‍ 25ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയാണ് ജംഷഡ്പൂരിന്റെ എതിരാളികള്‍.

Content Highlight: Kerala Blasters Beat Jamshedpur fc in isl

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.