തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടികയെ ചൊല്ലി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം. നേതൃത്വത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിയുടെ മീഡിയ പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് മുന്‍ സംസ്ഥാന പാര്‍ട്ടി വക്താവ് ലെഫ്റ്റടിച്ചു. ആര്‍. ശിവശങ്കറാണ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ആയത്.
മുന്‍ പ്രസിഡന്റുമാരായ കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ പക്ഷത്തെ പൂര്‍ണമായും വെട്ടിയാണ് സംസ്ഥാന ബി.ജെ.പി പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബി.ജെ.പിയിലെ ആഭ്യന്തര കലഹം മായിരിക്കുന്നത്.
മുരളീധര-സുരേന്ദ്ര പക്ഷത്ത് നിന്ന് നേതൃത്വത്തിലുണ്ടായിരുന്ന നാല് പേര്‍ മാത്രമാണ് പുതിയ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. 35 പുതിയ ഭാരവാഹികളെയാണ് നേതൃത്വം പ്രഖ്യാപിച്ചത്.
എം.ടി. രമേശ്, എസ്. സുരേഷ്, അനൂപ് ആന്റണി ജോസഫ്, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് പുതിയ നേതൃത്വത്തിലെ ജനറല്‍ സെക്രട്ടറിമാര്‍. വൈസ് പ്രസിഡന്റുമാരായി കെ.എസ്. രാധാകൃഷ്ണന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍, പി. സുധീര്‍. സി. കൃഷ്ണകുമാര്‍, ബി. ഗോപാലകൃഷ്ണന്‍, അബ്ദുല്‍ സലാം, ആര്‍. ശ്രീലേഖ, കെ. സോമന്‍, കെ.കെ. അനീഷ്‌കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന എം.ടി. രമേശ് മാത്രമാണ് പുതിയ നേതൃത്വത്തില്‍ അതേ സ്ഥാനത്ത് തുടരുന്നത്. മുരളീധര പക്ഷത്തുള്ള സി. കൃഷ്ണകുമാറും പി. സുധീറും മുന്‍ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരായിരുന്നു. എന്നാല്‍ പുതിയ നേതൃപട്ടികയില്‍ ഇവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നീക്കപ്പെട്ടു.
എന്നാല്‍ ശോഭ സുരേന്ദ്രന് പുതിയ നേതൃത്വത്തില്‍ പ്രാധാന്യം ലഭിച്ചു എന്നതാണ് പുതിയ നേതൃത്വത്തിന്റെ മറ്റൊരു പ്രത്യേകത. മുന്‍ ഡി.ജി.പിയായിരുന്ന ആര്‍. ശ്രീലേഖ നേതൃപട്ടികയില്‍ ഇടംപിടിച്ചതും പ്രത്യേകതയായുണ്ട്.
അതേസമയം കോഴിക്കോട്ട് നിന്നുള്ള ടി.പി. ജയചന്ദ്രനാണ് മുഖ്യ വക്താവായി പുതിയ ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചത്. ഇതിലെ അതൃപ്തി ശിവശങ്കര്‍ ലെഫ്റ്റടിക്കാന്‍ കാരണമായെന്നാണ് നിഗമനം.
Content Highlight: New leadership; BJP leader leaves media panelist group