രണ്ട് കോര്‍പറേഷനുകളിലും 10 മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കണം; സംസ്ഥാന നേതാക്കളോട് അമിത് ഷാ
Kerala
രണ്ട് കോര്‍പറേഷനുകളിലും 10 മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കണം; സംസ്ഥാന നേതാക്കളോട് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th July 2025, 7:16 pm

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് കോര്‍പറേഷനുകളും പത്ത് മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കണമെന്ന് ബി.ജെ.പി കേരള നേതൃത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം. തൃശൂര്‍, തിരുവനന്തപുരം കോര്‍പറേഷനുകളില്‍ ജയിക്കണമെന്നാണ് അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 19 ശതമാനമെന്ന സര്‍വകാല റെക്കോഡിലേക്ക് എത്തിയിരുന്നു. കൂടാതെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അധികാരം പിടിക്കാനും ബി.ജെ.പിക്ക് സാധിച്ചിരുന്നു. തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി നിലവില്‍ കേന്ദ്ര സഹമന്ത്രിയാണ്. മൂന്ന് തവണ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മൂന്നാം തവണ മാത്രമാണ് സുരേഷ് ഗോപിക്ക് ജയിക്കാനായത്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സംസ്ഥാന നേതാക്കള്‍ക്ക് അമിത് ഷാ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 25 ശതമാനത്തിലേക്ക് എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാന ബി.ജെ.പിയുടെ ആസ്ഥാന മന്ദിരമായ ‘മാരാര്‍ജി ഭവന്‍’ ഉദ്ഘാടനം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ നടന്ന ഭാരവാഹി യോഗത്തിലാണ് അമിത് ഷായുടെ നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുക എന്നതായിരിക്കണം ബി.ജെ.പി പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിന്റെ അലയൊലികളുണ്ടാകുമെന്നും ഷാ യോഗത്തില്‍ പരാമര്‍ശിച്ചു. ഓഫീസ് ഉദ്ഘാനത്തിന് ശേഷം, കേരളത്തില്‍ അടുത്തതായി വരാന്‍ പോകുന്ന സര്‍ക്കാര്‍ എന്‍.ഡി.എയുടേതായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിലും എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.

കേരളത്തില്‍ മാറ്റം വരണമെങ്കില്‍ എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും ഷാ പറഞ്ഞിരുന്നു. അതേസമയം ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും കേരളത്തില്‍ നിന്നുള്ള ഏക പാര്‍ട്ടി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വിട്ടുനിന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി ഇന്ന് കോട്ടയത്തെയും കൊച്ചിയിലെയും സ്വകാര്യ പരിപാടികളിലായിരുന്നു പങ്കെടുത്തത്.

Content Highlight: Amit Shah’s directive: kerala bjp will rule of two corporations and 10 municipalities