കേരള ബാങ്ക് ആറാം വാര്‍ഷികം ആഘോഷിച്ചു
DOOL PLUS
കേരള ബാങ്ക് ആറാം വാര്‍ഷികം ആഘോഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 7:23 am

കോഴിക്കോട്: കേരള ബാങ്ക് രൂപീകരണത്തിന്റെ ആറാം വാര്‍ഷികം സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കോഴിക്കോട് റീജണല്‍ ഓഫീസില്‍ ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ പതാക ഉയര്‍ത്തി. സംസ്ഥാനത്ത് ബാങ്കിന്റെ 7 റീജണല്‍ ഓഫീസുകളിലും 14 സി.പി.സികളിലും (ജില്ലാ കേന്ദ്രങ്ങളിലും), ശാഖകളിലും പതാക ഉയര്‍ത്തലും മധുര പലഹാര വിതരണവും സംഘടിപ്പിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശാഖകളില്‍ ഇടപാടുകാരുടെ സംഗമം നടന്നു. 2019 നവംബര്‍ 29ന് ആരംഭിച്ച കേരള ബാങ്കിന്റെ മൊത്തം ബിസിനസ് നിലവില്‍ 1.25 ലക്ഷം കോടി രൂപയിലേക്ക് അടുക്കുകയാണ്.
അമ്പതിനായിരം കോടി രൂപയുടെ വായ്പ ബാക്കിനില്‍പ്പ് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാന സഹകരണ ബാങ്കും കേരളത്തില്‍ ഈ നേട്ടം കൈവരിച്ച അഞ്ച് ബാങ്കിലൊന്നും കേരള ബാങ്കാണ്.

ശാഖകളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ബാങ്ക് ആയ കേരള ബാങ്ക് വയനാട് പ്രകൃതി ദുരന്ത ബാധിതരായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശവാസികളുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയുണ്ടായി
സഹകരണ ബാങ്കിങ് മേഖലയില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരള ബാങ്ക് ആര്‍.ബി.ഐ നിയന്ത്രണത്തില്‍ എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും നല്‍കിവരുന്നു.

2025 ഒക്ടോബര്‍ 31ന് അവസാനിച്ച നൂറു ദിന സ്വര്‍ണ്ണ പണയ ക്യാമ്പയിന്‍ വഴി കേരള ബാങ്കിന്റെ സ്വര്‍ണപ്പണയ വായ്പയില്‍ 2071 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും കേരളത്തിന്റെ സാമൂഹിക വികാസത്തില്‍ പങ്കുവഹിച്ചും കേരള ബാങ്ക് മുന്നോട്ടുപോകുമെന്ന് ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Kerala Bank celebrates its sixth anniversary