സഞ്ജുവില്ലാത്ത ടീമിനെതിരെ പഞ്ചാബിന് മികച്ച തുടക്കം; ഓപ്പണറെ മടക്കി കേരളത്തിന്റെ മറുപടി
Cricket
സഞ്ജുവില്ലാത്ത ടീമിനെതിരെ പഞ്ചാബിന് മികച്ച തുടക്കം; ഓപ്പണറെ മടക്കി കേരളത്തിന്റെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th October 2025, 12:56 pm

കേരളത്തിനെതിരെ രഞ്ജി ട്രോഫിയില്‍ പഞ്ചാബിന് മികച്ച തുടക്കം. പഞ്ചാബ് പി.സി.എ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തുടരുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25 ഓവറുകള്‍ പിന്നിടുമ്പോള്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് 107 റണ്‍സ് എടുത്തിട്ടുണ്ട്.

സൂപ്പര്‍ താരം സഞ്ജുവില്ലാതെയാണ് കേരള പഞ്ചാബിനെതിരെ ഇറങ്ങിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ടി – 20 പരമ്പരയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതിനാലാണ് സഞ്ജു പഞ്ചാബിനെതിരെ കളിക്കാത്തത്. താരത്തിന് പകരം അഹമ്മദ് ഇമ്രാന്‍ ടീമിലെത്തി. ഒപ്പം ഈഡന്‍ ആപ്പിള്‍ ടോമിന്‍ പകരം വത്സല്‍ ഗോവിന്ദും ടീമില്‍ ഇടം പിടിച്ചു.

അതേസമയം, മത്സരത്തില്‍ ഓപ്പണര്‍മാരായ ഹര്‍നൂര്‍ സിങ്ങും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് പഞ്ചാബിന് ഓപ്പണിങ്ങില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി. പിന്നാലെ, ബാബ അപരാജിത് വിക്കറ്റ് നേടി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 47 പന്തില്‍ 23 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെ ഒന്നിച്ച ഹര്‍നൂര്‍ സിങ് – ഉദയ് സഹാറന്‍ എന്നിവര്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് 55 റണ്‍സ് ചേര്‍ത്ത് വെച്ചു. നിലവില്‍ 115 പന്തില്‍ അഞ്ച് ഫോറടക്കം 53 റണ്‍സ് നേടി ഹര്‍നൂര്‍ ബാറ്റിങ് നടത്തുന്നുണ്ട്. മറുവശത്ത് സഹാറന്‍ 54 പന്തില്‍ 24 റണ്‍സ് എടുത്തതാണ് നിലയുറപ്പിച്ചിരിക്കുന്നത്.

രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തില്‍ ഇറങ്ങിയ ഇരു ടീമുകളും വിജയം ലക്ഷ്യമിട്ടാണ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരളവും പഞ്ചാബും ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങി സമനിലയിലാണ് പിരിഞ്ഞത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മഹാരാഷ്ട്രയും പഞ്ചാബിന് മധ്യപ്രദേശുമായിരുന്നു എതിരാളികള്‍.

കേരള പ്ലെയിങ് ഇലവന്‍

മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിതീഷ്, എന്‍. ബേസില്‍, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍

പഞ്ചാബ് പ്ലെയിന്‍ ഇലവന്‍

ഹര്‍നൂര്‍ സിങ്, പ്രഭ്‌സിമ്രാന്‍ സിങ്, ഉദയ് സഹാറന്‍, നമന്‍ ധിര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, അന്‍മോല്‍പ്രീത് സിങ്, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), കൃഷ് ഭഗത്, മായങ്ക് മാര്‍ക്കണ്ഡേ, പ്രെരിറ്റ് ദത്ത, ആയുഷ് ഗോയല്‍

 

Content Highlight: Ker vs Pun: Punjab cricket is in strong position against Kerala Cricket team in Ranji Trophy