തമിഴ് സനിമിയില്‍ തന്റെ കഴിവിന്റെയും കഠിനാധ്വാനത്തിന്റയും കരുത്തില്‍ പുതിയ താരോദയമായി മാറിയിരിക്കുകയാണ് യുവനടന്‍ കെന്‍ കരുണാസ്. കെന്‍ തന്നെ സംവിധാനം നിര്‍വഹിച്ച് നായകനായ യൂത്ത് മികച്ച പ്രതികരണം നേടി അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളികളായ അനിഷ്മ അനില്‍കുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ ഹൈപ്പില്ലാതെയെത്തിയാണ് തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടി മുന്നേറുന്നത്.
യൂത്ത് . Photo: Laxmi Kanth/ X.com
മൂന്ന് നായികമാരുള്ള യൂത്തിലേക്ക് പുതുമുഖമായത് കൊണ്ട് നായികമാരെ കണ്ടെത്താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് കെന്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാര്‍ക്കറ്റില്ലാത്ത അഭിനേതാവായത് കൊണ്ടും മള്‍ട്ടി ഹീറോയിന്‍സുള്ള ചിത്രമായത് കൊണ്ടും പലരും തന്റെ ഓഫര്‍ നിരസിച്ചുവെന്നായിരുന്നു കെന്‍ പ്രതികരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ കുറിച്ച് കെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘തിരക്കഥ പൂര്‍ത്തിയായ ശേഷം നിര്‍മാതാവിനായി ഞാന്‍ കുറച്ച് പേരുടെയടുത്ത് കഥ പറഞ്ഞിരുന്നു. എല്ലാവര്‍ക്കും കഥ വളരെയധികം ഇഷ്ടപ്പെട്ടു. എന്നാല്‍ ചിത്രം ചെയ്യാതിരിക്കാനായി അവര്‍ക്ക് പല കാരണങ്ങളുണ്ടായിരുന്നു. ഞാനൊരു പുതിയ ഹീറോ ആയതുകൊണ്ടും ചിത്രത്തിന്റെ ബഡ്ജറ്റ് കാരണവും പലരും പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു. നമുക്കവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കൊണ്ട് ചിത്രം പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടാകാം.
അങ്ങനെയിരിക്കുമ്പോഴാണ് ഹാപ്പി എന്‍ഡിങ് എന്ന ചിത്രം സംവിധാനം ചെയ്ത എന്റെ സുഹൃത്ത് അമ്മ മുത്തുസൂര്യയോട് ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ചിത്രം നിര്‍മിക്കാന്‍ പോകുകയാണെന്ന് പറഞ്ഞത്. അവനാണ് ചിത്രത്തിന്റെ ഇപ്പോഴത്തെ നിര്‍മാതാവായ കറുപ്പയ്യയെ പരിചയപ്പെടുത്തി നല്‍കിയത്. ചിത്രത്തിന്റെ കഥ അദ്ദേഹത്തിന് വിവരിച്ച് കൊടുത്തതിന് ശേഷം ഞങ്ങള്‍ നേരെ പോയത് ഒരു ചായ കുടിക്കാനാണ്.
അവിടെ വെച്ച് എത്ര രൂപയാണ് ചിത്രം ചെയ്യാനായി എനിക്ക് വേണ്ടി വരികയെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ബഡ്ജറ്റെല്ലാം പറഞ്ഞുകൊടുത്തു, അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് ചായക്ക് പണം കൊടുക്കാന്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഗൂഗിള്‍ പേയില്‍ പണമില്ല. സ്‌കാനറിന്റെ ഫോട്ടോ അയച്ച്‌കൊടുത്ത് കൂട്ടുകാരനെ കൊണ്ടാണ് ചായ കുടിച്ച അമ്പത് രൂപ അയപ്പിച്ചത്,’ കെന്‍ പറയുന്നു.
സത്യം പറഞ്ഞാല്‍ തങ്ങളിരുവരും പരസ്പരം അന്ധമായി വിശ്വസിക്കുകയായിരുന്നുവെന്നും ഒരു ഹീറോയായി എന്നെ അവതരിപ്പിക്കണമെന്ന കാര്യം മാത്രമാണ് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും താരം പറഞ്ഞു. അദ്ദേഹം ഒരു സംവിധായകന്‍ കൂടിയായിരുന്നത് കൊണ്ട് പെട്ടെന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്നും തന്നെ വിശ്വസിച്ചതുകൊണ്ട് ഇന്ന് അദ്ദേഹത്തിന് നല്ല കളക്ഷന്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കെന്‍ കരുണാസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Ken Karunas talks about how he met his producer for Youth Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.