അങ്ങനെ എന്തെങ്കിലും കേട്ടാല്‍ വലത്തേ ചെവിയില്‍ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിടും: കീര്‍ത്തി സുരേഷ്
Malayalam Cinema
അങ്ങനെ എന്തെങ്കിലും കേട്ടാല്‍ വലത്തേ ചെവിയില്‍ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിടും: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 7:52 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ എത്തിയ കീര്‍ത്തി, മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകള്‍ കൂടിയാണ് കീര്‍ത്തി. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി. ഈയിടെ ഒരു ബോളിവുഡ് സിനിമയിലും കീര്‍ത്തി അഭിനയിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ തമിഴിലെ മിക്ക മുന്‍നിര താരങ്ങളോടൊപ്പവും അഭിനയിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.

ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോസിപ്പുകളെ എങ്ങനെയാണ് നേരിടുന്നതെന്ന് പറയുകയാണ് കീര്‍ത്തി സുരേഷ്. തന്റെ കരിയറിന്റെ തുടക്കം മുതല്‍തന്നെ താന്‍ രണ്ട് കാര്യങ്ങളില്‍ ഫോളോ ചെയ്യാറുണ്ടെന്ന് നടി പറയുന്നു.

‘ഒന്ന് ആര് നല്ല കാര്യം ചെയ്താലും നല്ല സിനിമ ചെയ്താലും അവരെ അഭിനന്ദിക്കണം, പ്രോത്സാഹിപ്പിക്കണം. മറ്റൊന്ന് നമുക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ ന്യായമായിട്ടുള്ളതാണെങ്കില്‍ അത് കണക്കിലെടുക്കണം. ഇത് എപ്പോഴും ഞാന്‍ പാലിക്കും.

സിനിമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കപ്പുറം സ്വകാര്യജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കേട്ടാല്‍ അത് വലത്തേ ചെവിയില്‍ വാങ്ങി ഇടത്തേ ചെവിയിലൂടെ പുറത്തുവിട്ട് ഞാന്‍ എന്റെപണി നോക്കി മുമ്പോട്ടുപൊയ്‌ക്കോണ്ടേയിരിക്കും. ഗോസിപ്പുകള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല,’കീര്‍ത്തി സുരേഷ് പറയുന്നു

Content Highlight: Keerthy Suresh talks about how she deals with gossip\