'മഹാനടി'ക്ക് ശേഷം ആറുമാസത്തോളം സിനിമയേ ലഭിച്ചില്ല; ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല: കീര്‍ത്തി സുരേഷ്
Indian Cinema
'മഹാനടി'ക്ക് ശേഷം ആറുമാസത്തോളം സിനിമയേ ലഭിച്ചില്ല; ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല: കീര്‍ത്തി സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th November 2025, 8:20 am

മഹാനടിക്ക് ശേഷം ആറ് മാസത്തോളം തനിക്ക് സിനിമയൊന്നും ലഭിച്ചിരുന്നില്ലെന്ന് നടി കീര്‍ത്തി സുരേഷ്. ആരും തന്നോട് ഒരു കഥ പോലും പറഞ്ഞില്ലെന്നും കീര്‍ത്തി പറഞ്ഞു. കീര്‍ത്തി സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹാനടി. ചിത്രത്തില്‍ സാവിത്രി എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തിയിരുന്നത്.

മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. സിനിമയിലൂടെ കീര്‍ത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മഹാനടിക്ക് ശേഷം തനിക്ക് സിനിമ ലഭിച്ചിരുന്നില്ലെന്ന് കീര്‍ത്തി പറയുന്നു.

‘മഹാനടി റിലീസായി കഴിഞ്ഞ് എനിക്ക് ആറുമാസത്തോളം സിനിമയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. പക്ഷേ എനിക്ക് നിരാശയൊന്നും തോന്നിയില്ല. എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന്‍ സമയമെടുക്കുന്നുവെന്ന് ഞാന്‍ അതിനെ പോസിറ്റീവായി എടുത്തു. ആ സമയം ഒരു മേക്കോവറിനായി ഉപയോഗിച്ചു,’കീര്‍ത്തി സുരേഷ് പറയുന്നു.

നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു മഹാനടി. വൈജയന്തി മൂവീസിനും സ്വപ്ന സിനിമാസിന്റയും ബാനറില്‍ പ്രിയങ്ക ദത്താണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ കീര്‍ത്തിക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ഡാനി സാഞ്ചാസ് ലോപ്പസ് ഛായാഗ്രഹണം നിര്‍വിച്ച സിനിമക്ക് സംഗീതം നല്‍കിയത് മിക്കി ജെ. മേയറാണ്.

ബാലതാരമായി തന്റെ കിരിയര്‍ തുടങ്ങിയ കീര്‍ത്തി, മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി മികച്ച സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് സാധിച്ചിരുന്നു. നടി മേനകയുടെയും നിര്‍മാതാവായ സുരേഷിന്റെയും മകള്‍ കൂടിയാണ് കീര്‍ത്തി.

Content highlight:  Keerthy Suresh says she didn’t get any film for six months after Mahanati movie