സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് സമൂഹത്തെ ഏതെല്ലാം രീതിയില്‍ ബാധിച്ചെന്ന് പറയുകയാണ് നടി കീര്‍ത്തി സുരേഷ്. ഇപ്പോഴത്തെ കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യേണ്ടത് എ.ഐയെക്കുറിച്ചാണെന്നും കീര്‍ത്തി സംസാരിച്ചു. എ.ഐക്ക് നല്ലതും ചീത്തയുമായ ഒരുപാട് വശങ്ങളുണ്ടെന്നും അതെല്ലാം കൃത്യമായി തിരിച്ചറിയണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
മനുഷ്യനായി സൃഷ്ടിച്ച ഒരോ കാര്യങ്ങള്‍ മനുഷ്യര്‍ക്ക് തിരിച്ചടിയായി മാറുകയാണെന്നും അത് എല്ലാവരും ശ്രദ്ധിക്കണമെന്നും കീര്‍ത്തി പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മളെല്ലാവരെയും ചിലപ്പോള്‍ ആശയക്കുഴപ്പത്തിലാക്കുമെന്നും തനിക്ക് പലപ്പോഴും എ.ഐ കാരണം മോശം അനുഭവം നേരിടേണ്ടി വന്നെന്നും താരം പറഞ്ഞു. പോളിമര്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.
‘ഈയിടെ ഒരു ഫങ്ഷന് പോയ എന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആ പരിപാടിക്ക് ഞാന്‍ ഇരിക്കുന്നതിന്റെ മോശം ആംഗിളിലെ ഫോട്ടോയായിരുന്നു അത്. കുറച്ചുനേരം ഞാന്‍ ആ ഫോട്ടോ സൂക്ഷിച്ചു നോക്കി. ആ പരിപാടിക്ക് ഞാന്‍ അങ്ങനെ ഇരുന്നോ എന്നായിരുന്നു ആലോചിച്ചത്. ആരോ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫോട്ടോയായിരുന്നു അത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ അത് ഒറിജിനലാണെന്നേ ആളുകള്‍ വിചാരിക്കുള്ളൂ.
ഇത് കൃത്രിമമാണെന്ന് പെട്ടെന്ന് നോക്കുന്ന ആര്‍ക്കും മനസിലാകില്ല. എ.ഐയുടെ ഈ കടന്നുകയറ്റം എങ്ങോട്ടേക്കാണെന്ന് എനിക്ക് ഒരു പിടിയുമില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് അറിയില്ല. ഞാനും സാമന്തയും പോസ് ചെയ്ത് നില്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഓരോരുത്തര്‍ പോസ്റ്റ് ചെയ്യുന്നു. കണ്ടാല്‍ ഞങ്ങളാണെന്നേ പറയുള്ളൂ.’ കീര്‍ത്തി സുരേഷ് പറയുന്നു.
ഓരോ കാലത്തും ഓരോന്നിനെക്കുറിച്ച് നമ്മള്‍ പേടിക്കാറുണ്ടെന്നും ഇടക്കാലത്ത് അത് സോഷ്യല്‍ മീഡിയയായിരുന്നെന്നും താരം പറഞ്ഞു. ഇന്ന് അത് എ.ഐയില്‍ എത്തിനില്‍ക്കുന്നെന്നും അതൊന്നും മാറുന്നില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. ടെക്‌നോളജി വളരുന്നതിനനുസരിച്ച് അത് കൂടുതല്‍ ആളുകളെ ബാധിക്കുകയാണെന്നും താരം പറഞ്ഞു.
‘ഇന്‍സ്റ്റഗ്രാമില്‍ റീല്‍ കാണുന്ന സ്വഭാവം എനിക്കുണ്ട്. ഹസ്ബന്റിന് ഓരോ റീല്‍ അയക്കുമ്പോള്‍ പുള്ളി അപ്പോത്തന്നെ ‘ഇത് എ.ഐ ആണല്ലോ’ എന്ന് പറയും. കമന്റ് ബോക്‌സ് നോക്കുമ്പോഴാണ് എനിക്കത് മനസിലാവുക. എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത് എന്ന് ഒരു പിടിയുമില്ല. അങ്ങനെയൊരു കാലഘട്ടത്തിലാണ് നമ്മളുള്ളത്’ കീര്‍ത്തി സുരേഷ് പറഞ്ഞു.
Content Highlight: Keerthi Suresh about the bad influence of artificial intelligence