ഈ വര്‍ഷം കീമില്‍ ഇടപെടാനില്ല; പുതിയ പട്ടികക്ക് സ്റ്റേയുമില്ല: സുപ്രീം കോടതി
KEAM
ഈ വര്‍ഷം കീമില്‍ ഇടപെടാനില്ല; പുതിയ പട്ടികക്ക് സ്റ്റേയുമില്ല: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th July 2025, 2:17 pm

ന്യൂദല്‍ഹി: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി. ഈ വര്‍ഷം കീമില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് കോടതിയുടെ തീരുമാനം.

ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രോസസുകള്‍ തുടരാമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശവും നല്‍കി. നാല് ആഴ്ചക്കകം അപ്പീല്‍ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് വിദ്യാര്‍ത്ഥികള്‍ക്കായി കോടതിയിൽ ഹാജരായത്.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ നടപടി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.

എല്ലാവര്‍ക്കും നീതി ലഭ്യമാകും വിധത്തിലുള്ള ഒരു മാര്‍ക്ക് ഏകീകരണ പ്രക്രിയ കൊണ്ടുവരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് മുന്‍ നിശ്ചയിച്ച പ്രോസ്പെക്ടസ് പ്രകാരം സംസ്ഥാന സർക്കാർ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചത്.

സി.ബി.എസ്.ഇ-കേരള സിലബസ് മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ ഫോര്‍മുല റദ്ദാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് കീമില്‍ ഇടപെട്ടത്. ആദ്യപട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരുന്നു.

പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കിയശേഷം, വെയിറ്റേജ് മാനദണ്ഡങ്ങള്‍ മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.എസ്.ഇ വിദ്യര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കുകയാണെന്നും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

2011 മുതല്‍ 12ാം ക്ലാസിലെ മാര്‍ക്ക്, എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോര്‍, വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലെ മാര്‍ക്കുകള്‍ കണക്കാക്കി 1:1:1 എന്ന അനുപാതത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിരുന്നത്. ഈ അനുപാതം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതിയിലൂടെ 5:3:2 എന്നാക്കി മാറ്റുകയായിരുന്നു.

Content Highlight: No interference in this year’s KEAM; no stay on new list: Supreme Court