പ്രേം നസീറിനെ എന്തിന് കാണ്‍മാനില്ല; ലെനിന്‍ രാജേന്ദ്രനെ സുഹൃത്ത് കെ.ബി വേണു ഓര്‍ക്കുന്നു
Opinion
പ്രേം നസീറിനെ എന്തിന് കാണ്‍മാനില്ല; ലെനിന്‍ രാജേന്ദ്രനെ സുഹൃത്ത് കെ.ബി വേണു ഓര്‍ക്കുന്നു
കെ.ബി വേണു
Thursday, 17th January 2019, 9:07 pm

“”ഇതൊരു കെട്ടുകഥയാണ്.
ഇതിലെ കഥാപാത്രങ്ങളില്‍ പലരും ജീവിച്ചിരിക്കുന്നവരാണ്.
അവരില്‍ ചിലരുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.
അവരെ രക്ഷിക്കാനും,
ചിത്രത്തെ രക്ഷിക്കാനും.””
-ലെനിന്‍ രാജേന്ദ്രന്‍.

ഇങ്ങനെ സ്വന്തം പേരിലുള്ള ഒരു പ്രസ്താവന സ്‌ക്രീനില്‍ എഴുതിക്കാണിച്ചു കൊണ്ടാണ് ലെനിന്‍ രാജേന്ദ്രന്‍ പ്രേംനസീറിനെ കാണ്‍മാനില്ല (1983) എന്ന സിനിമ തുടങ്ങുന്നത്. “”ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഒരു ബന്ധവുമില്ല”” എന്ന സുരക്ഷിതമായ സ്ഥിരം മുന്‍കൂര്‍ ജാമ്യ പ്രസ്താവനയുടെ നേര്‍വിപരീതം. ആത്മഹത്യ ചെയ്ത നടി ശോഭയുടെ ജീവിതത്തെ ഭാഗികമായെങ്കിലും അടിസ്ഥാനമാക്കി കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന സിനിമ പുറത്തിറങ്ങിയ അതേവര്‍ഷം തന്നെയാണ് ലെനിന്റെ ചിത്രവും സംഭവിച്ചത്.

ശോഭയും ബാലു മഹേന്ദ്രയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലം കൊണ്ടും സിനിമയുടെ പിന്നാമ്പുറങ്ങള്‍ തുറന്നു കാണിച്ചതിനാലും കെ.ജി ജോര്‍ജ്ജിനു നേരിടേണ്ടി വന്ന പ്രശ്നങ്ങളൊന്നും ലെനിന്‍ രാജേന്ദ്രന്‍ അനുഭവിച്ചില്ല. കാരണം   അക്കാലത്ത് കേരളത്തിലെ യുവാക്കള്‍ നേരിട്ടുകൊണ്ടിരുന്ന രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചുള്ള സിനിമയായിരുന്നു പ്രേംനസീറിനെ കാണ്‍മാനില്ല.

 

ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ബുദ്ധിപൂര്‍വ്വമായ ഒരു പാരഡിയാണ് പ്രേംനസീറിനെ കാണ്‍മാനില്ല എന്ന ശീര്‍ഷകം. കാരണം പോസ്റ്റ്മാനെ കാണാനില്ല എന്ന പേരില്‍ 1972 ല്‍ പ്രേംനസീറിനെ നായകനാക്കി കുഞ്ചാക്കോ സംവിധാനം ചെയ്ത ഒരു സിനിമയുണ്ടായിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ മൂന്നാമത്തെ സിനിമയായിരുന്നു പ്രേംനസീറിനെ കാണ്‍മാനില്ല. ഒരുകാലത്ത് മലയാളസിനിമയിലെ മുടിചൂടാമന്നനായിരുന്ന പ്രേംനസീറിനെ രാത്രിയിലെ ഷൂട്ടിങ്ങിനിടെ ഒരു സിനിമാ ലൊക്കേഷനില്‍ നിന്ന് നാലു ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടു പോകുന്നതും നിര്‍മ്മാതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുന്നതുമാണ് സിനിമയുടെ പ്രമേയം.

ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകളോ, അത്യാധുനികമായ അന്വേഷണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലമായതുകൊണ്ട് ഈ ബന്ദി നാടകം ഏതാനും ദിവസങ്ങള്‍ നീണ്ടു നിന്നു. എന്തിനാണ് അഭ്യസ്തവിദ്യരായ ഈ തൊഴില്‍രഹിതര്‍ തന്നെ പിടിച്ചുകൊണ്ടു വന്നതെന്ന് പ്രേംനസീറിനറിയില്ല. അവര്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയുന്നുമില്ല. ഏതോ മലമ്പ്രദേശത്തുള്ള ഒരു കാടിനുള്ളിലെ തകര്‍ന്ന കെട്ടിടത്തിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഉറക്കമിളച്ച് കാവലിരിക്കുന്ന ചെറുപ്പക്കാരോട് നസീറിന് വൈരാഗ്യമോ വെറുപ്പോ ഇല്ല. തിരശ്ശീലയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലെ സ്നേഹസമ്പന്നനും ഉദാരമതിയുമാണ് അദ്ദേഹം. ആ ചെറുപ്പക്കാരെക്കാള്‍ പ്രായവും പക്വതയും ജീവിതാനുഭവങ്ങളും ഉള്ളതുകൊണ്ട് ഒരിക്കലും ക്ഷുഭിതനാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുമുണ്ട്.

തന്റെ അഭാവത്തില്‍ മുടങ്ങിക്കിടക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കളെക്കുറിച്ചും സ്വന്തം കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചുമുള്ള ആശങ്ക നസീര്‍ പലപ്പോഴും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ പരുക്കന്‍ സമീപനം സ്വീകരിക്കാനാണ് ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. പ്രേംനസീറിനും ചെറുപ്പക്കാര്‍ക്കും ഭക്ഷണമെത്തിക്കുന്ന മാരന്‍ എന്ന ആദിവാസിയും അയാളുടെ മകള്‍ ചിത്തിരയുമാണ് അവിടെ വരുന്ന മറ്റു രണ്ടു പേര്‍.

 

ചെറുപ്പക്കാര്‍ കുഴപ്പക്കാരല്ലെന്നും ഗതികേടുകൊണ്ടു കാണിച്ച അറ്റകൈ പ്രയോഗമായിരുന്നു ഈ ബന്ദിനാടകമെന്നും വളരെപ്പെട്ടെന്നു തന്നെ പ്രേംനസീറിനു മനസ്സിലായി. ഒരു നിമിഷം പോലും വിശ്രമമില്ലാതെയുള്ള അഭിനയ ജീവിതത്തില്‍ നിന്നുള്ള സ്വസ്ഥമായ ഒരിടവേളയായി ഈ തടവുജീവിതത്തെ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം ശ്രമിച്ചു തുടങ്ങി.

പക്ഷേ, മലയാളസിനിമയെ ആകമാനം നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന താരത്തിന്റെ ദുരൂഹമായ തിരോധാനം ചലച്ചിത്രരംഗത്തു മാത്രമല്ല, സംസ്ഥാനഭരണത്തില്‍പ്പോലും പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഭരണ-പ്രതിപക്ഷങ്ങളുടെ പരസ്പരമുള്ള പഴിചാരലുകള്‍ക്കൊപ്പം നാട്ടുകാരുടെ വകയായി അഭ്യൂഹപ്രചാരണങ്ങളും തുടങ്ങി.

സിനിമാലോകത്തെ പല വിധത്തിലാണ് പ്രേംനസീറിന്റെ അഭാവം ബാധിച്ചത്. പ്രേംനസീര്‍ മരിച്ചു പോയെന്ന മട്ടിലാണ് വിതരണക്കാരും തിയറ്ററുടമകളും പ്രവര്‍ത്തിച്ചത്. ഒരു സഹതാപതരംഗമുണ്ടെന്ന് കല്‍പ്പിച്ചുകൂട്ടി ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്തെ പ്രേംനസീര്‍ സിനിമകള്‍ പോലും തപ്പിയെടുത്ത് അവര്‍ തിയറ്ററുകളിലോടിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ക്ക് നസീറിന്റെ തിരോധാനം പണക്കൊയ്ത്തിന്റെ ചാകരയായി. പക്ഷേ, നിര്‍മ്മാതാക്കള്‍ക്ക് അത് കണ്ണീര്‍ക്കാലമായിരുന്നു. പകുതിയില്‍ നിറുത്തിയ സിനിമകള്‍. ഒന്നോ രണ്ടോ ഷോട്ടുകൊണ്ടു തീര്‍ക്കാവുന്നവ. ഡബ്ബിങ് മാത്രം ബാക്കിയുള്ളവ.. അങ്ങനെ പൂര്‍ത്തീകരിക്കാത്ത സിനിമാപദ്ധതികളുമായി വലഞ്ഞ നിര്‍മ്മാതാക്കള്‍ പതുക്കെപ്പതുക്കെ പണം എന്ന മഹായാഥാര്‍ത്ഥ്യത്തിലേയ്ക്ക് കണ്ണു തുറന്നു. സ്ഥിരം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ വൈവിദ്ധ്യരഹിതമായ ശബ്ദത്തില്‍ നസീറിന്റെ സവിശേഷമായ സംഭാഷണശൈലി അനുകരിപ്പിക്കാന്‍ ശ്രമിക്കുന്നതൊക്കെ ഈ സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ്.

 

ആദ്യകാലത്ത് ചില സിനിമകളൊക്കെ നിര്‍മ്മിച്ചിട്ടുള്ള ഇന്നസെന്റ് ഈ ചിത്രത്തില്‍ ഒരു പ്രൊഡ്യൂസറുടെ വേഷത്തിലാണ്. പ്രേംനസീറിന്റെ രണ്ടു ഷോട്ടുകള്‍ കൂടി എടുത്താല്‍ ഇന്നസെന്റിന് സിനിമ പൂര്‍ത്തീകരിക്കാം. സൂത്രശാലിയായ അദ്ദേഹം അതിനു കാണുന്ന പോംവഴി പ്രേംനസീറിന്റെ സഹോദരനായ പ്രേംനവാസിനെ വച്ച് ആ സീന്‍ ചിത്രീകരിക്കുകയെന്നതാണ്. അസാമാന്യമായ രൂപസാദൃശ്യമുണ്ട് ഇരുവര്‍ക്കും തമ്മില്‍. സഹോദരനെ കാണാതെ പോയതിന്റെ വിഷമത്തിലിരിക്കുന്ന പ്രേംനവാസ് സിനിമാ വ്യവസായത്തെക്കുറിച്ചു നന്നായി അറിയാവുന്ന നിര്‍മ്മാതാവും നടനും കൂടിയായതുകൊണ്ട് ഇന്നസെന്റിന്റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളുന്നു. സിനിമയില്‍ ബന്ധങ്ങള്‍ക്കോ, വൈകാരികതയ്ക്കോ വലിയ സ്ഥാനമില്ലല്ലോ.

കാട്ടില്‍, പ്രേംനസീറിനെ ബന്ദിയാക്കിയ ചെറുപ്പക്കാരുടെ അവസ്ഥ അനുദിനം പരിതാപകരമായിക്കൊണ്ടിരുന്നു. മോചനദ്രവ്യമാവശ്യപ്പെട്ട് പല നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഭീഷണിക്കത്തയച്ചിട്ടും ഒരാളും പ്രതികരിച്ചില്ല. പണം കൊടുക്കാന്‍ തയ്യാറെടുത്ത ഒരു നിര്‍മ്മാതാവിനെ ഭാര്യയാണ് പിന്തിരിപ്പിക്കുന്നത്. “”നസീറിനെ വച്ച് സിനിമ പൂര്‍ത്തിയാക്കാനിരിക്കുന്ന വേറെയും നിര്‍മ്മാതാക്കളുണ്ടല്ലോ. അവരാരെങ്കിലും പണം കൊടുത്തോളും,”” അതാണ് ഭാര്യയുടെ ബുദ്ധി.

കാട്ടിലെ ഏകസഹായിയായ മാരന്‍ പൊലീസിന്റെ വലയിലാകുന്നതോടെ ചെറുപ്പക്കാരുടെ അവസാന പ്രതീക്ഷയുമറ്റു. തങ്ങള്‍ക്കു വേണ്ടി നിരപരാധിയായ മാരന്‍ പീഡിപ്പിക്കപ്പെടുന്നത് അവര്‍ക്ക് സഹിക്കാനാകുന്നില്ല. എങ്ങനെയും മാരനെ രക്ഷിക്കാന്‍ ഒരു വഴിതേടി അവര്‍ പ്രേംനസീറിനെത്തന്നെ സമീപിച്ചു. ചെറുപ്പക്കാരെ കൂടെക്കൂട്ടി നാട്ടിലേയ്ക്കു മടങ്ങാമെന്നും അവരെ രക്ഷിക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യാമെന്നും അദ്ദേഹം വാക്കു കൊടുത്തു. പക്ഷേ, കാട്ടിലൂടെയുള്ള മടക്കയാത്രയില്‍ അവര്‍ പൊലീസിന്റെ പിടിയിലായി. അത്രയും കാലം നിയമസംവിധാനത്തെ വെല്ലുവിളിച്ച ചെറുപ്പക്കാരോട് പൊലീസ് ഒരു ദയയും കാണിച്ചില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

ഒരക്ഷരം പോലും മിണ്ടാകാനാകാത്ത നിസ്സഹായാവസ്ഥയിലാണ് പ്രേംനസീര്‍. പക്ഷേ, അദ്ദേഹം പൂര്‍ണ്ണമായും നിഷ്‌കളങ്കനായാണ് ആ സ്ഥിതിവിശേഷത്തെ നേരിട്ടതെന്ന് സംവിധായകന്‍ പറയുന്നില്ല. ചില മൗനങ്ങള്‍ കുറ്റകരമാണല്ലോ.. ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുന്ന പ്രേംനസീറിന്റെ ഷോട്ട് ഫ്രീസ് ചെയ്തുകൊണ്ട് ലെനിന്‍ രാജേന്ദ്രന്‍ സിനിമ അവസാനിപ്പിക്കുന്നു. പ്രേംനസീര്‍ അഭിനയിച്ച ഏതെങ്കിലുമൊരു സിനിമ അങ്ങനെ അവസാനിച്ചിട്ടുണ്ടാകുമോ എന്നു സംശയമാണ്. അങ്ങനെയൊരു സിനിമയിലഭിനയിക്കാന്‍ ഇന്നത്തെ ഏതെങ്കിലുമൊരു സൂപ്പര്‍ താരം തയ്യാറാകുമോ എന്നും വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്.

തീരെ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സിനിമയാണ് പ്രേംനസീറിനെ കാണ്‍മാനില്ല. ലളിതമായ കഥപറച്ചിലില്‍ ലെനിന്‍ ഉള്‍ച്ചേര്‍ത്തിരുന്ന ഗഹനമായ യാഥാര്‍ത്ഥ്യങ്ങളെ നിരൂപകര്‍ ഉള്‍ക്കൊണ്ടില്ല എന്നതാണ് സത്യം. മലയാള സിനിമയുടെ വിഭിന്ന രാഷ്ട്രീയതലങ്ങളെ അപഗ്രഥിക്കുന്ന നിരൂപണങ്ങള്‍ അക്കാലത്ത് അധികമൊന്നും ഉണ്ടായിരുന്നില്ല.

പ്രേംനസീറിനേക്കാള്‍ വലിയ ഒരു താരം തിരോധാനം ചെയ്താലും സിനിമ ആ പ്രതിസന്ധിയെ അതിജീവിക്കും എന്ന നിരീക്ഷണമാണ് ലെനിന്‍ രാജേന്ദ്രന്‍ നടത്തുന്നത്. കാരണം സിനിമ ഒരു വ്യവസായമാണ്. അതു നിലനിന്നേ മതിയാകൂ. പണം മുടക്കുന്നവരുടെ ആവശ്യമാണത്. സിനിമയില്‍ ആരുടെയും സ്ഥാനം സ്ഥിരവുമല്ല. എല്ലാം കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. നിയമവ്യവസ്ഥയുടെ പഴുതടച്ചുള്ള ചട്ടക്കൂടില്‍ എല്ലാ കുറ്റവാളികളും ഒരിക്കല്‍ അകപ്പെടും എന്നതാണ് മറ്റൊരു പാഠം. തന്നെ തട്ടിക്കൊണ്ടു പോയ ചെറുപ്പക്കാരെയും അവരെ സഹായിച്ചുകൊണ്ടിരുന്ന പാവം ആദിവാസിയെയും നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ പ്രേംനസീറിനു പോലും സാധിക്കുന്നില്ല.

 

പ്രേംനസീറിനെയും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയവരെയും പിടികിട്ടിക്കഴിയുന്നതോടെ നിയമം അതിന്റെ തനി സ്വഭാവം കാണിക്കുന്നു. ധനികനും സമൂഹത്തില്‍ ബഹുമാന്യനുമായ പ്രേംനസീറിന് നിയമവ്യവസ്ഥയില്‍ നിന്ന് ഒരു ചോദ്യം പോലും നേരിടേണ്ടി വരില്ല. തന്റെ പ്രസക്തി ഊട്ടിയുറപ്പിക്കാന്‍ വേണ്ടി അദ്ദേഹം സ്വയം ആസൂത്രണം ചെയ്ത നാടകമായിരുന്നോ എന്നു പോലും വേണമെങ്കില്‍ പൊലീസിനു സംശയിക്കാമായിരുന്നു. പക്ഷേ, അത്തരം ആശയക്കുഴപ്പങ്ങളൊന്നും കൂടാതെ പ്രേംനസീര്‍ സിനിമയുടെ സുരക്ഷിതലോകത്തിലേയ്ക്ക് മടങ്ങിപ്പോകുന്നു – ചെറുപ്പക്കാരും മാരനും ജയിലിലേയ്ക്കും.

ലെനിന്‍ രാജേന്ദ്രന്റെ സൃഷ്ടികളില്‍ എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നതാണെന്നു തോന്നിയതുകൊണ്ടാണ് ഈ സിനിമയെക്കുറിച്ച് ഇത്രയും എഴുതിപ്പോയത്.

ഒരു ഗണത്തിലും ഉള്‍പ്പെടുത്താനാകാത്തവയാണ് ലെനിന്‍ രാജേന്ദ്രന്റെ ചലച്ചിത്രസൃഷ്ടികള്‍. ആര്‍ട് സിനിമ, സമാന്തര സിനിമ തുടങ്ങിയ വിവക്ഷകളോടു തന്നെ വലിയ താത്പര്യമില്ലാത്തയാളായിരുന്നു അദ്ദേഹം. ആദ്യസിനിമയായ വേനല്‍ മുതലുള്ള ഒരോ കൃതിയും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കാന്‍ ലെനിന്‍ ശ്രദ്ധിച്ചിരുന്നു. ഒരു കഥാപാത്രത്തെയും ആവശ്യത്തിലേറെ മഹത്വവത്കരിക്കരുതെന്ന് ആദ്യം തൊട്ടേ അദ്ദേഹം നിഷ്‌കര്‍ഷിച്ചു.

 

വേനലിലെ നായികയായ രമണി അനിയന്ത്രിതമായ കൗമാരചാപല്യങ്ങളുടെ ഇരയാണ്. അവളുടെ ഭര്‍ത്താവ് ചന്ദ്രന്‍ അമിതമായ ശരീരാസക്തിയോടൊപ്പം അപകര്‍ഷബോധമുള്ളവനുമാണ്. രമണിയുടെ ആരാദ്ധ്യപാത്രമായി മാറുന്ന പ്രദീപ് എന്ന ക്യാംപസ് കവി അടിസ്ഥാനപരമായി ആത്മരതിയില്‍ അഭിരമിക്കുന്ന കാല്‍പനിക ബുദ്ധിജീവി മാത്രമാണ്. രമണിയുടെ അമ്മയാകട്ടെ മകളുടെ ഭര്‍ത്താവുമായി ശാരീരികവേഴ്ച നടത്താന്‍ പോലും മടിക്കാത്ത സ്ത്രീയും.

സ്വന്തം സ്വഭാവ വൈചിത്ര്യങ്ങളുടെ ഇരകളായ ദുരന്തകഥാപാത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്റെ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ആനി, മനു, അനന്തു (ചില്ല്), സ്വാതി തിരുനാള്‍, നാരായണി, പാര്‍വ്വതീഭായി (സ്വാതി തിരുനാള്‍), അല്‍ഫോന്‍സച്ചന്‍, മാഗി, എല്‍സി (ദൈവത്തിന്റെ വികൃതികള്‍), സുഭദ്ര (കുലം) ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍..

കച്ചവടതാത്പര്യങ്ങള്‍ക്കു വേണ്ടി സിനിമയുടെ മൊത്തം സ്വഭാവത്തില്‍ ലെനിന്‍ വിട്ടു വീഴ്ചകളൊന്നും ചെയ്തില്ല. മുഖ്യധാരാസിനിമയുടെ ഭാഗമായ സംഗീതവും നൃത്തവും നിറഞ്ഞ സിനിമകളില്‍ പോലും അദ്ദേഹം ഈ നിലപാട് കര്‍ക്കശമായി പുലര്‍ത്തിപ്പോന്നു. ലെനിന്റെ എല്ലാ സിനിമകളും ദുരന്തപര്യവസായികളായിരുന്നു. മഹാപ്രതിഭാശാലിയായ സംഗീതജ്ഞന്‍ സ്വാതി തിരുനാളും, വരണ്ട ഉഷ്ണക്കാറ്റില്‍ തന്റെ സംഗീതം വ്യര്‍ത്ഥമാക്കിക്കളയേണ്ടി വന്ന രാമാനുജ ശാസ്ത്രിയും (മഴ) ഒരേ ദുരന്തവിധിയുടെ ഇരകളാണ്. ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോന്‍സ് സായിപ്പ് നിഷ്‌കളങ്കമായ സ്നേഹത്തിനും വിശ്വാസത്തിനും വലിയ വിലകൊടുക്കേണ്ടി വന്നവനാണ്. തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലാത്ത ധീരതയാണ് പുരാവൃത്തത്തിലെ രാമനെ മരണത്തിലേയ്ക്കു നയിക്കുന്നത്.

കവിതയോടും നാടന്‍പാട്ടുകളോടുമുള്ള ആവേശം ആദ്യസിനിമ മുതല്‍ തന്നെ ലെനിന്‍ പ്രകടിപ്പിച്ചു. അയ്യപ്പപ്പണിക്കരുടെ പകലുകള്‍ രാത്രികള്‍, ഇടശ്ശേരിയുടെ പൂതപ്പാട്ട്, സുഗതകുമാരിയുടെ രാത്രിമഴ തുടങ്ങി എത്രയോ കവിതകള്‍ അദ്ദേഹം സിനിമയില്‍ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചു. ഒ എന്‍ വി യുടെ അധികമാരും  ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കവിത കണ്ടെടുത്ത് ചില്ല് എന്ന സിനിമയില്‍ ലെനിന്‍ ഉപയോഗിച്ചപ്പോഴാണ് മലയാളികളുടെ നിത്യഗൃഹാതുരത്വമായി മാറിയ “”ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം”” എന്ന ഗാനം പിറന്നത്. സ്വാതി തിരുനാള്‍, മഴ എന്നീ സിനിമകളുടെ കഥാഗാത്രത്തില്‍ത്തന്നെ ശുദ്ധസംഗീതമുണ്ടായിരുന്നല്ലോ.

 

ലെനിന്‍ സര്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ എപ്പോഴും വിളിച്ചിരുന്നത്. ഇരുപതു വര്‍ഷത്തോളം നീണ്ട അടുത്ത പരിചയമുണ്ട് അദ്ദേഹവുമായി. ഒരു മാദ്ധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പലവട്ടം ലെനിന്‍ സാറിനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എപ്പോഴും കണ്ടു മുട്ടുമായിരുന്നു. തിരുവനന്തപുരത്തെയും ഗോവയിലെയും ചലച്ചിത്രമേളകളില്‍ മാത്രല്ല, കേരളത്തിലെ പല പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നടക്കുന്ന പ്രാദേശിക സിനിമാ കൂട്ടായ്മകളിലും അദ്ദേഹത്തോടൊപ്പം പലപ്പോഴും പങ്കെടുക്കാനിട വന്നിട്ടുണ്ട്.

ഓര്‍ത്തിരിക്കത്തക്ക എന്തെങ്കിലും ഒരു നല്ല നിമിഷം ഓരോ കൂടിക്കാഴ്ചയിലും ലെനിന്‍ സാര്‍ സൃഷ്ടിക്കുമായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന കാലത്ത് കട്ടിക്കണ്ണടയും താടിയുമുള്ള ഈ മനുഷ്യന്റെ ഫോട്ടോകള്‍ പത്രമാസികകളില്‍ കണ്ട് ഗൗരവക്കാരനായ ഒരു ഭീകര ബുദ്ധിജീവിയായിരിക്കുമെന്ന് കരുതിയിരുന്നു. പരിചയപ്പെട്ടപ്പോഴാണ് സാധാരണക്കാരില്‍ സാധാരണക്കാരനായി എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്ന സൗമ്യനായ ലെനിന്‍ രാജേന്ദ്രനെ മനസ്സിലായത്.

കടുത്ത പ്രമേഹത്തെയും  കരള്‍ രോഗത്തെയും ധീരമായി പൊരുതിത്തോല്‍പിക്കാനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ തന്റെ സിനിമകളുടെ റിട്രോസ്പെക്റ്റിവ് പ്രദര്‍ശിപ്പിക്കുമ്പോള്‍ അദ്ദേഹം മദിരാശിയില്‍ ചികിത്സയിലായിരുന്നു. ഗുരുതര രോഗാവസ്ഥ മറികടന്നെന്നും വൈകാതെ മടങ്ങിയെത്തുമെന്നുമുള്ള വാര്‍ത്തയില്‍ ആശ്വാസം കൊണ്ടിരിക്കുകയായിരുന്നു എല്ലാവരും. അപ്പോഴാണ് അപ്രതീതമായി ലെനിന്‍ സാര്‍ അരങ്ങൊഴിഞ്ഞത്. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ, പോകേണ്ട എന്നു തന്നെ തീരുമാനിച്ചു. സാറിന്റെ പല സുഹൃത്തുക്കളും അതേ തീരുമാനത്തിലായിരുന്നു എന്ന് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നു മനസ്സിലായി.

 

ഒരു കുസൃതിച്ചിരിയോടെയല്ലാതെ സാറിനെ കാണാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. ശാന്തികവാടത്തിലെ ചിതയിലേയ്ക്ക് എടുക്കും മുമ്പ് മധുസൂദനന്‍ നായരുടെ “”ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു”” എന്ന കവിത അവിടെ ആലപിച്ചിരുന്നു എന്ന് പത്രത്തില്‍ വായിച്ചു. സിനിമയിലെ കഥാപാത്രത്തിന്റെ ആത്മവേദനയുടെ ആവിഷ്‌കാരമായി രചിക്കപ്പെട്ടതാണെങ്കിലും ആ കവിത എപ്പൊഴൊക്കെയോ ലെനിന്‍ സാറുമായും ചേര്‍ന്നുനില്‍ക്കുന്നതായി തോന്നാറുണ്ട്. മറക്കാനാകാത്ത ഒരുപാടു മുഹൂര്‍ത്തങ്ങള്‍ സിനിമയിലും ജീവിതത്തിലും സൃഷ്ടിച്ചുവച്ച ലെനിന്‍ സാറിനു നല്‍കാന്‍ ഇതിലും ഹൃദയസ്പര്‍ശിയായ മറ്റൊരു അന്ത്യാഞ്ജലിയില്ല. വിടപറയുന്ന ഒരു കലാകാരന്‍ ഭൂമിയ്ക്കു നല്‍കുന്ന യാത്രാമൊഴിയാണത്..

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം

കെ.ബി വേണു
സിനിമാ/മാധ്യമ പ്രവര്‍ത്തകന്‍, അഭിനേതാവ്, സംവിധായകന്‍, കോളമിസ്റ്റ്