തിരുവനന്തപുരം: ഗാര്‍ഹിക പീഡന ആരോപണത്തിന് പിന്നാലെ വനം സിനിമ വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ രാജി വെച്ചു.
ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനത്തിനും പരസ്ത്രീ ഗമനത്തിന്റെയും പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രേഖാമൂലം പരാതി നല്‍കിയതിന്റെ തൊട്ടുപിറകെയാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് രാജി കൈമാറിയത്.[]
അര്‍ധരാത്രിയോടെ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ഗണേഷ്‌കുമാറിന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു. ഭാര്യയുടെ പരാതി ലഭിച്ചയുടനെ ഘടകകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി ഗണേഷിന്റെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വെക്കുന്നതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.
മുതിര്‍ന്ന ഘടകകക്ഷി നേതാക്കളായ കെ.എം.മാണിയുമായും കുഞ്ഞാലിക്കുട്ടിയുമായും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഗണേഷിനോട് രാജി ആവഷ്യപ്പെടാന്‍ തീരുമാനിച്ചത്.
ഗാര്‍ഹിക പീഡത്തിന് ഗണേഷിനെതിരെ ഭാര്യ പരാതി നല്‍കിയ സാഹചര്യത്തില്‍ ആരോപണ വിധേയനായ ആള്‍ മന്ത്രി സഭയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് കെ.എം മാണി യോഗത്തില്‍ പറഞ്ഞുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇന്നലെ രാത്രി 11. 45 ഓടെയാണ് ഗണേഷ് കുമാര്‍ രാജി വെച്ചത്.
വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കാരണം രാജിവയ്ക്കുന്നുവെന്നാണ് രാജി കത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ ധാര്‍മികതയുടെ പേരിലാണ് രാജിവെക്കുന്നതെന്നും സത്യാവസ്ഥ തെളിയണമെങ്കില്‍ അധികാരസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം എം.എല്‍.എ ഗണേഷ് കുമാര്‍ രാജിവയ്ക്കില്ല.
രാജി വെച്ചതിന് പിന്നാലെ ഗണേഷ് കുമാറിനെതിരെ ഗാര്‍ഹിക പീഡനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരംകേസെടുത്തിരിക്കുകയാണ്. ഭാര്യ മര്‍ദ്ദിച്ചെന്ന ഗണേഷിന്റെ പരാതിയില്‍ യാമിനി തങ്കച്ചിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് യാമിനിയുടേയും മകന്റെയും മൊഴി പോലീസ് എടുത്തിരുന്നു.
