കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ബാലചന്ദ്രകുമാറിനൊപ്പം; സ്ഥലം കാവ്യക്ക് തീരുമാനിക്കാം
Kerala News
കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് ബാലചന്ദ്രകുമാറിനൊപ്പം; സ്ഥലം കാവ്യക്ക് തീരുമാനിക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 9:16 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയെന്ന് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സ്ഥലം കാവ്യ മാധവന് തന്നെ തെരഞ്ഞെടുക്കാമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

കേസില്‍ സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം നല്‍കുന്നുവെന്ന് വ്യക്തമാക്കിയാണ് കാവ്യ മാധവനോട് ക്രൈംബ്രാഞ്ച് ഇക്കാര്യം പറഞ്ഞതെന്നാണ് സൂചന.

എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന സമയമോ ദിവസമോ മാറ്റില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിലെത്താനാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കാവ്യ മാധവന് നോട്ടീസ് അയച്ചത്.

സുരാജിന്റെ ഫോണില്‍ നിന്നും ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ സംഭാഷണമടക്കം കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.

കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്തായിട്ടുണ്ട്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയില്‍ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്.

ദിലീപിന്റെ ബന്ധു സൂരജും ശരത്തും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സൂരജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

Content Highlights: Kavya Madhavan interrogated with Balachandra Kumar