ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി മണ്ണില്‍ അമരുകയായിരുന്നു; കവളപ്പാറയില്‍ സ്ഥിതി അതീവഗുരുതരമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ
Heavy Rain
ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയി മണ്ണില്‍ അമരുകയായിരുന്നു; കവളപ്പാറയില്‍ സ്ഥിതി അതീവഗുരുതരമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th August 2019, 3:53 pm

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. മലയുടെ താഴ്‌വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയെന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നും അന്‍വര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏറെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് അറിയിക്കുവാനുള്ളത്. പോത്തുകല്ല് പഞ്ചായത്തില്‍ പെട്ട കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍,30-ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം. മലയുടെ താഴ്‌വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണ്. സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂ. പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. സിഗ്നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.

രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും.

കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ പ്രദേശത്ത് മല ഇടിച്ചില്‍ ഉണ്ട്. രാത്രിയും ഇത് തുടര്‍ന്നു. ഇന്ന് നേരം പുലര്‍ന്നതിനു ശേഷം മാത്രമാണ് സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത്.