എനിക്കും കത്രീനക്കും പല കാര്യങ്ങളും പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല, ഒരുപാട് തെറ്റുകള്‍ പറ്റി: ദീപിക പദുക്കോണ്‍
Film News
എനിക്കും കത്രീനക്കും പല കാര്യങ്ങളും പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല, ഒരുപാട് തെറ്റുകള്‍ പറ്റി: ദീപിക പദുക്കോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 21st February 2022, 11:22 am

ഇന്ത്യന്‍ സിനിമാസ്വാദകരുടെ മനം കവര്‍ന്ന ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. അഭിനയ ചാതുരി മാത്രമല്ല താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും എന്നും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ഗെഹ്‌രായിയാനിന്റെ പ്രൊമോഷനിടക്ക് ദീപിക പറഞ്ഞൊരു കാര്യമാണ് വൈറലായിരിക്കുന്നത്.

പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ദീപിക പറയുന്നത്.

കത്രീന കൈഫിനെക്കുറിച്ചും ദീപിക പറയുന്നുണ്ട്. സിനിമയില്‍ വന്ന സമയത്ത് തനിക്കും കത്രീന കൈഫിനുമൊന്നും പി.ആര്‍ ടീമോ മാനേജറോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ദീപിക പറയുന്നത്.

പലപ്പോഴും സ്വയം മേക്കപ്പ് ചെയ്തായിരുന്നു പരിപാടികളില്‍ പങ്കെടുത്തിരുന്നതെന്നും സ്വന്തം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നതെന്നും ദീപിക പറയുന്നു.

‘തുടക്കകാലത്ത് എനിക്ക് പി.ആര്‍ ഏജന്റോ മാനേജറോ ഉണ്ടായിരുന്നില്ല. ഞാന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. എന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഞാനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റേയും മിക്സ് ആയിരുന്നു. അന്ന് ഞങ്ങള്‍ക്ക് അതൊന്നുമുണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്‌കാരം വരുന്നതും ഞങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും,’ ദീപിക പറഞ്ഞു.

ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ടെന്നും അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അതിനാല്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും ദീപിക അഭിപ്രായപ്പെട്ടു.

‘ഇന്നത്തെ തലമുറയിലുള്ള താരങ്ങളോട് എങ്ങനെ ഇരിക്കം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് കൊടുക്കാന്‍ ആളുണ്ട്. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നുമുണ്ടായിരുന്നില്ല. ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ വളരെ നല്ലതാണ്,’ ദീപിക പറയുന്നു.

തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

ദീപികയുടെ പുതിയ സിനിമയായ ഗെഹ്‌രായിയാനിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സിനിമയുടെ സംവിധാനം ശകുന്‍ ബത്രയാണ്. ദീപികയ്ക്കൊപ്പം അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുര്‍വേദി, ധൈര്യ കര്‍വ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ഗെഹ്‌രായിയാനെ കൂടാതെ ദീപികയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പഠാന്‍ ആണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ദീപിക പദുക്കോണ്‍ ചിത്രം.


Content Highlights: Katrina and I had no one to tell us about trend in cinema: Deepika Padukone