ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കഠ്‌വ സംഭവത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ല; അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും അഡ്വ: ദീപിക സിങ് രജാവത്
ന്യൂസ് ഡെസ്‌ക്
Sunday 17th June 2018 9:43pm

തൃശ്ശൂര്‍: ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്ന് കഠ്‌വ സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്. അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും പ്രതികരണ ശേഷിയുള്ള ഒരു തലമുറയ്ക്ക് മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാനാകുവെന്നും ദീപിക സിങ് പറഞ്ഞു.

തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ് -2018 പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തനിക്ക് കഠ്‌വ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട് അത് തന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്വബോധത്തോടെ ധര്‍മ്മത്തില്‍ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായതെന്നും അതിന്റെ പേരില്‍ വധഭീഷണികളൊരുപാടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

ചിത്രം:അഭയ് തൃപ്രയാര്‍

കഴിഞ്ഞ ദിവസം തന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂ പ്രചരണം നടത്തിയിരുന്നു. ജമ്മു- കശ്മീരില്‍ നിന്നും വരുംവഴി ആ വാര്‍ത്തയാണ് കണ്ടത്. എന്നാല്‍ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ലെന്നും അവര്‍ പറഞ്ഞു.

പുതിയ തലമുറ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്താല്‍ നമുക്കൊരുമിച്ച് പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും ആ ഭാരതത്തിനാകും ലോകത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുണ്ടാവുകയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജമ്മൂ-കശ്മീരില്‍ തനിക്ക് പൂമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചത് എങ്കില്‍ ഈ നാട്ടിലെ സ്‌നേഹം എന്നെ ഏറെയധികം സന്തോഷിപ്പിക്കുന്നു. കേരളം ഒരു മാതൃക സംസ്ഥാനമാണെന്നും ദീപിക സിങ് പറഞ്ഞു. വളരയധികം പ്രതിജ്ഞാബധരായ സമൂഹമാണ് കേരളത്തിലേതെന്നും കേരളം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു

കഴിമ്പ്രം ഡിവിഷന്‍ മെമ്പറും തൃശ്ശൂര്‍ ലോ കോളെജ് വിദ്യാര്‍ത്ഥിയുമായ കെ.ജെ യദുകൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ വ്യക്തികള്‍ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ദീപികാ സിങ് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

ചിത്രം: അഭയ് തൃപ്രയാര്‍

മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി നന്ദകുമാര്‍. ഡോ. ഷിംന അസീസ്, സിഫിയ ഹനീഫ, ട്രാന്‍സ്‌ജെന്‍ഡര്‍ സുജി എം.എസ്, ഡോ ഡി രാമനാഥന്‍, ഡോ സിദ്ധാര്‍ത്ഥ് ശങ്കര്‍ എന്നിവര്‍ക്ക് സല്യൂട്ട് സര്‍വ്വീസ് പുരസ്‌ക്കാരവും ദീപികാ സിങ് സമ്മാനിച്ചു.

അഡ്വ. ദീപിക സിംങ് രജാവതിന് വുമണ്‍ ഓഫ് ദി സെഞ്ച്വറി പുരസ്‌ക്കാരം മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി നന്ദകുമാറും കെ.ജെ യദുകൃഷ്ണയും നല്‍കി ആദരിച്ചു.

നിരവധി ഭീഷണികള്‍ക്ക് നടുവിലും ധീരമായാണ് അഡ്വക്കേറ്റ് ദീപിക സിങ്ങ് കഠ്വ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായത്. തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളില്‍ ഭയന്ന് പിന്‍വാങ്ങാതെ ഒരു പിഞ്ചുകുഞ്ഞിന് നീതി ഉറപ്പാക്കാന്‍ താന്‍ ഉറച്ചുനില്‍ക്കുമെന്ന് പറയാന്‍ ദീപിക കാണിച്ച ആര്‍ജവമാണ് ഇവരെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഒരു രാജ്യം മുഴുവന്‍ പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്താന്‍ ഏക കാരണവും ദീപികയുടെ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു.

പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയില്‍ പോരാടുകയായിരുന്നു ദീപിക സിങ്.

കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയെങ്കിലും പൂര്‍വാധികം ശക്തിയോടെ പോരാടുകയായിരുന്നു.ജമ്മുകശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ആദ്യം ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയത്. കേസില്‍ ഹാജരാവരുതെന്നും ഹാജരായാല്‍ അത് എങ്ങനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് സലാതിയ ദീപികയോട് പറഞ്ഞത്. തുടര്‍ന്ന് ഭൂപീന്ദര്‍ സിങ്ങിനെതിരെ ദീപിക ജമ്മുകശ്മീര്‍ ഹൈക്കോടതിയിലും സുപ്രീം കോടതി ചീഫ് ജസ്റ്റിനും പരാതി നല്‍കുകയും കേസില്‍ ഹാജരാവുന്നതിന് തനിക്ക് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

Advertisement