കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വീണ്ടും സി.ബി.ഐ നോട്ടീസ്. ചൊവ്വാഴ്ച്ച സി.ബി.ഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. കഴിഞ്ഞ ആറാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാഴ്ച്ച ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് പാര്‍ട്ടി വ്യക്തമാക്കി. നേരത്തെ സി.ബി.ഐ തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുവെന്ന് കാണിച്ച് ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. യു.എ.പി.എ വകുപ്പ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് കോടതി ഈ ആവശ്യം തള്ളിയിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് തലശേരിക്കുള്ള യാത്രയ്ക്കിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. മനോജ് യാത്ര ചെയ്ത വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിക്രമന്‍ അടക്കമുള്ളവരെ സഹായിച്ചുവെന്നും പി. ജയരാജന്‍ പ്രതിയായേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. കേസില്‍ ജയരാജനെതിരെ സി.ബി.ഐയ്ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പി.ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
