2013ല്‍ ജി.വി. പ്രകാശ് കുമാര്‍ നിര്‍മിച്ച മധയാനൈ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് കതിര്‍. പിന്നീട് കിരുമി, എന്നോടു വിളയാട്, വിക്രം വേദ, പരിയേറും പെരുമാള്‍, സിഗായി, ശത്രു, സര്‍ബത്ത്, അക്ക കുരുവി, യുഗി ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു.
2019ല്‍ ബിഗില്‍ എന്ന വിജയ് ചിത്രത്തില്‍ ഫുട്‌ബോള്‍ പരിശീലകന്റെ റോള്‍ ചെയ്തതും കതിര്‍ തന്നെയായിരുന്നു. വിജയ്‌യുമായി വളരെ നല്ല അടുപ്പമുള്ള ആള്‍ കൂടിയാണ് കതിര്‍. ഇപ്പോള്‍ വിജയ്‌യുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.
അദ്ദേഹവുമായി താന്‍ വളരെ ക്ലോസാണെന്നും ബിഗിലിന് മുമ്പ് തനിക്ക് വിജയ്‌യെ നന്നായി അറിയാമായിരുന്നുവെന്നും കതിര്‍ പറയുന്നു. ആ സിനിമയുടെ ഷൂട്ടിങ് വളരെ നല്ല അനുഭവമായിരുന്നു നല്‍കിയതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ക്കിനെ അത്രയും സീരിയസായി കാണുന്ന ആളാണ് വിജയ് എന്ന് പറയുന്ന കതിര്‍ ഓഫ് സ്‌ക്രീനില്‍ അദ്ദേഹം വളരെ സ്വീറ്റായ ആളാണെന്നും പറഞ്ഞു. ദ നെക്സ്റ്റ് 14 മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിജയ്‌യുമായി ഞാന്‍ വളരെ ക്ലോസാണ്. ബിഗില്‍ സിനിമയുടെ മുമ്പ് തന്നെ എനിക്ക് വിജയ് സാറിനെ നന്നായി അറിയാമായിരുന്നു. കാരണം എന്റെ സഹോദരന്‍ വിജയ് സാറുമായി വര്‍ക്ക് ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ വളരെ നന്നായി അദ്ദേഹത്തെ അറിയാമായിരുന്നു. എനിക്ക് ബിഗില്‍ സിനിമയുടെ ഷൂട്ടിങ് വളരെ നല്ല അനുഭവമായിരുന്നു നല്‍കിയത്. കാരണം ആ സിനിമയുടെ സംവിധായകനായ ആറ്റ്‌ലിയും ഞാനും വളരെ ക്ലോസാണ്.
നായകനായ വിജയ് സാറുമായും എനിക്ക് നല്ല ബന്ധമാണ്. വളരെ ജോളിയായ തമാശ നിറഞ്ഞ സെറ്റായിരുന്നു അത്. വര്‍ക്കിനെ അത്രയും സീരിയസായി കാണുന്ന ആളാണ് വിജയ് സാര്‍. അതേസമയം ഓഫ് സ്‌ക്രീനില്‍ വളരെ സ്വീറ്റായ ആള് കൂടിയാണ് അദ്ദേഹം,’ കതിര്‍ പറയുന്നു.