മധയാനൈ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ കതിരിന് സാധിച്ചിരുന്നു. കിരുമി, എന്നോടു വിളയാട്, വിക്രം വേദ, സിഗായി, ശത്രു, സര്‍ബത്ത്, അക്ക കുരുവി, യുഗി ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
എന്നാല്‍ മാരീ സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ കതിറിന്റെ പ്രകടനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ കതിറിന്റേതായി പുറത്തുവരാന്‍ പോകുന്ന മലയാള ചിത്രമാണ് മീശ.
എം.സി ജോസഫിന്റെ സംവിധാനത്തില്‍ വരാന്‍ പോകുന്ന ഈ ചിത്രത്തില്‍ കതിര്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ മീശ സിനിമയുടെ സെറ്റിലെ അനുഭവം പങ്കുവെക്കുകയാണ് കതിര്‍.
‘മീശയുടെ സെറ്റില്‍ ഷൈന്‍ ടോം പെര്‍ഫോം ചെയ്യുമ്പോള്‍ ഞാന്‍ പോയി കാണാറുണ്ട്. എനിക്ക് ഷൂട്ട് ഇല്ലെങ്കില്‍ കൂടി ഞാന്‍ പോയി അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കാണാറുണ്ട്. ഞാന്‍ ശരിക്കും വരുന്നത് അവരുടെ പ്രിപ്പറേഷനുകളും മറ്റ് പ്രാക്ടീസുകളുമൊക്കെ എങ്ങനെയാണെന്ന് കണ്ട് മോഷ്ടിക്കാനാണ്. കാരണം വളരെ സട്ടിലായ പെര്‍ഫോമന്‍സുകള്‍ ഉണ്ട്. വളരെ ഇന്റസായ പെര്‍ഫോമുകളുണ്ട്,’ കതിര്‍ പറഞ്ഞു.