മംഗ്ലീഷില്‍ സ്‌ക്രിപ്റ്റ് വായിച്ച് മലയാളം പഠിക്കാന്‍ നോക്കി; ഒന്നും മനസിലായില്ല: കതിര്‍
Malayalam Cinema
മംഗ്ലീഷില്‍ സ്‌ക്രിപ്റ്റ് വായിച്ച് മലയാളം പഠിക്കാന്‍ നോക്കി; ഒന്നും മനസിലായില്ല: കതിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 2:01 pm

തമിഴ് സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് കതിര്‍. മധയാനൈ കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ പിന്നീട് കിരുമി, എന്നോടു വിളയാട്, വിക്രം വേദ, സിഗായി, ശത്രു, സര്‍ബത്ത്, അക്ക കുരുവി, യുഗി എന്നിങ്ങനെ നിരവധി സിനിമകളില്‍ ഭാഗമായി. എന്നാല്‍ മാരീ സെല്‍വരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് കതിര്‍ ശ്രദ്ധേയനാകുന്നത്.

ഐ ആം ഗെയിമിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിക്കുകയാണ്. ഇപ്പോള്‍ കതിറിന്റേതായി പുറത്തുവരാന്‍ പോകുന്നതും ഒരു മലയാള ചിത്രമാണ്. എം.സി ജോസഫിന്റെ സംവിധാനത്തില്‍ വരുന്ന മീശ. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി തുടങ്ങിയവരും അഭിനയിക്കുന്നു. ഇപ്പോള്‍ സിനിമയുടെ ഭാഗമായി താന്‍ മലയാളം പഠിക്കാന്‍ ശ്രമിച്ചിരുന്നവെന്ന് കതിര്‍ പറയുന്നു.

‘സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. ഒരാള്‍ വായിച്ച് തന്നു. പിന്നെ ഞാന്‍ മംഗ്ലീഷില്‍ സ്‌ക്രിപ്റ്റ് വായിച്ച് നാല് ദിവസത്തോളം മലയാളം പഠിക്കാന്‍ ശ്രമിച്ചു. മംഗ്ലീഷില്‍ എനിക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്ത് തന്നിരുന്നു. മറ്റൊരാള്‍ കൂടെയുണ്ടായിരുന്നു സഹായിക്കാന്‍. ഞാന്‍ എന്നിട്ട് ഇരുന്ന് വായിച്ച് നോക്കി, പക്ഷേ ഒന്നും മനസിലാകുന്നില്ല. അപ്പോള്‍ ഞാന്‍ പാനിക്കായി. നെര്‍വെസായി. എന്നിട്ട് ഒരു ദിവസം എം.സി സാറിനെ വിളിക്കാമെന്ന് വിചാരിച്ചു. അപ്പോള്‍ 20 ദിവസം കൂടെ ബാക്കിയുണ്ടായിരുന്നു ഷൂട്ട് തുടങ്ങാന്‍. കാരണം എനിക്ക് കോണ്‍ഫിഡന്‍സില്ലായിരുന്നു, ഞാന്‍ മലയാളം പഠിക്കാന്‍ ശ്രമിച്ചു, പക്ഷേ എനിക്ക് പറ്റിയില്ല,’കതിര്‍ പറഞ്ഞു.

വാക്യത്തിന്റെ അര്‍ത്ഥം നൂറ് ശതമാനം അറിയാതെ തനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഡയലോഗുകള്‍ കാണാതെ പഠിക്കുന്നതും തനിക്ക് ശരിയാകില്ലെന്നും തന്റേതായ ബോഡി ലാഗ്വേജോ ഒന്നും തന്നെ അപ്പോള്‍ കൊണ്ട് വരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഭാഷ അറിഞ്ഞാല്‍ മാത്രമെ എന്തെങ്കിലും ഇംപ്രൊവൈസേഷന്‍ കൊടുക്കാന്‍ പറ്റു. ആദ്യം എന്നോട് എം.സി സാര്‍ ഒരു 60 ശതമാനം ലിപ് സിങ്ക് ഉണ്ടായാല്‍ മതി എന്ന്പറഞ്ഞു. പിന്നെ അവിടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ഒരു 80 ശതമാനം ഉണ്ടായാല്‍ മതിയെന്ന്,’കതിര്‍ പറയുന്നു.

Content Highlight: Kathir says he was tried  to learn Malayalam for meesha movie