ഇടതിനെ കൈവിട്ട് കാസര്‍ഗോഡ് ജില്ലയും; വിജയിച്ചുകയറാനായത് ഒരേയൊരു മണ്ഡലത്തില്‍ 
Kerala
ഇടതിനെ കൈവിട്ട് കാസര്‍ഗോഡ് ജില്ലയും; വിജയിച്ചുകയറാനായത് ഒരേയൊരു മണ്ഡലത്തില്‍ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2026, 4:09 pm

കാസര്‍കോട്: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍, കാസര്‍ഗോഡ് ജില്ലയിലെ 5 മണ്ഡലങ്ങളിലും യു.ഡി.എഫ് തരംഗം. ലഭ്യമായ കണക്കുകള്‍ പ്രകാരം യു.ഡി.എഫ് നാല് സീറ്റുകളിലും എല്‍.ഡി.എഫ് 1 സീറ്റിലും വിജയിച്ചിട്ടുണ്ട്.

ഇടതിന്റെ ഉറച്ചകോട്ടയായിരുന്ന ഉദുമയും തൃക്കരിപ്പൂരും ഇത്തവണ പാര്‍ട്ടി കൈവിട്ടു. കാഞ്ഞങ്ങാട് മണ്ഡലം മാത്രമാണ് ഇത്തവണ പാര്‍ട്ടിയെ തുണച്ചത്. അതേസമയം മഞ്ചേശ്വരവും കാസര്‍ഗോഡും നിലനിര്‍ത്തിക്കൊണ്ട് അഞ്ചില്‍ നാല് മണ്ഡലത്തിലും യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചു.

മഞ്ചേശ്വരം

മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം. അഷ്‌റഫ് 32,302 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. 91471 വോട്ടുകളാണ് അദ്ദേഹം നേടിയിരിക്കുന്നത്. തൊട്ടുപിന്നില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ്. 59000 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം പക്ഷേ അവരെ കൈവിട്ടു. എല്‍.ഡി.എഫിന്റെ കെ.ആര്‍ ജയാനന്ദ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18000 വോട്ടുകളാണ് ഇവിടെ അദ്ദേഹത്തിന് ആകെ ലഭിച്ചത്.

സംസ്ഥാനത്ത് ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങിലൊന്നായിരുന്നു മഞ്ചേശ്വരം. ഇത്തവണയും ജയം ആവര്‍ത്തിക്കുമെന്ന വിശ്വാസം തുടക്കം മുതലേ മുസ്‌ലിം ലീഗിനുണ്ടായിരുന്നു.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിലും എ.കെ.എം അഷ്‌റഫും കെ.സുരേന്ദ്രനും തമ്മില്‍ തന്നെയായിരുന്നു മഞ്ചേശ്വരത്ത് പ്രധാന മത്സരം. 845 വോട്ടുകള്‍ക്കാണ് അഷ്‌റഫ് വിജയിച്ചത്.
അന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിച്ചിരുന്നു.

രണ്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് പ്രകടനത്തെ ബാധിച്ചെന്ന വിമര്‍ശനം പിന്നീട് ഉയര്‍ന്നിരുന്നു. ഇത്തവണ മഞ്ചേശ്വരം മണ്ഡലം മാത്രം കേന്ദ്രീകരിച്ചാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്.

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള മണ്ഡലം ബി.ജെ.പിയ്ക്ക് വലിയ പ്രതീക്ഷ നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഇവിടെ താമര വിരിഞ്ഞിട്ടില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമായിരുന്നു ഇവിടെ നടന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖും, ബി.ജെ.പി നേതാവ് കെ സുരേന്ദ്രനും തമ്മിലായിരുന്നു അന്നത്തെ മത്സരം. വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുള്‍ റസാഖ് അന്ന് വിജയിച്ചത്. റസാഖ് 56,870 വോട്ടുകള്‍ നേടിയപ്പോള്‍ സുരേന്ദ്രന് കിട്ടിയത് 56,781 വോട്ടുകള്‍.

2021ല്‍ സുരേന്ദ്രന് 65,013 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എ.കെ.എം അഷ്‌റഫ് നേടിയത് 65,858 വോട്ടുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്താനെ സി.പി.ഐ.എമ്മിന് കഴിഞ്ഞുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന് ലഭിച്ചത് 40,639 വോട്ടുകളാണ്.

മണ്ഡലത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ വോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കന്നഡ, തുളു ഭാഷ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനവും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ശക്തമായ പാര്‍ട്ടി സംവിധാനവും ബി.ജെ.പി പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

തൃക്കരിപ്പൂര്‍ 

ചെങ്കോട്ടയെ വിറപ്പിച്ച് തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.പി.പി മുസ്തഫയാണ് രണ്ടാം സ്ഥാനത്ത്.

ഇടതുമുന്നണിക്ക് രണ്ടു മുഖ്യമന്ത്രിമാരേയും ഒരു പ്രതിപക്ഷനേതാവിനെയും സമ്മാനിച്ച തൃക്കരിപ്പൂര്‍ മണ്ഡലം ഇക്കുറി സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായിരുന്നു.

ഇടതുമുന്നണിക്കൊപ്പം അടിയുറച്ചുനില്‍ക്കുന്ന പാരമ്പര്യമാണ് മണ്ഡലത്തിന്റെ ചരിത്രം. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാധ്യമങ്ങളിലും മണ്ഡലത്തിലും ഏറെ മുന്നേറിനില്‍ക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സന്ദീപ് വാര്യര്‍ എത്തിയത്.

എന്‍.ഡി.എയുടെ ടിക്കറ്റില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി രവി കുളങ്ങരയാണ് മത്സരിച്ചത്. അട്ടിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യു.ഡി.എഫ് സന്ദീപ് വാര്യരെ ഇവിടേക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്ന സന്ദീപ് വാര്യര്‍, കോണ്‍ഗ്രസിലെത്തിയത് മുതല്‍ കടുത്ത സംഘ്പരിവാര്‍ വിരുദ്ധനും മതേതരചേരിയുടെ മുന്നണിപ്പോരാളിയുമായി മാറി.

ബി.ജെ.പിയില്‍ ആയിരുന്നപ്പോള്‍ നേരത്തെ ഷൊര്‍ണൂരില്‍നിന്ന് മത്സരിച്ചിട്ടുണ്ട്. അന്ന് 36,973 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേര്‍പെടുത്തുകയായിരുന്നു. സി.പി.എമ്മിന് വമ്പിച്ച അടിത്തറയുള്ള പഞ്ചായത്തുകള്‍ ചേര്‍ത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ഉരുക്കുകോട്ടയായി നിലകൊണ്ടു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകള്‍ ഒഴിവാക്കിയതോടെ മണ്ഡലം ജില്ലക്കകത്തായി.

മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനം ചെയ്തത് ഇടതുമുന്നണിയാണ്. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

ഉദുമ 

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എക്കാലവും ഇടതുകോട്ടയായി നിലകൊള്ളുന്ന മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ ഉദുമ. 1991 മുതല്‍ തുടര്‍ച്ചയായി സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ വിജയിക്കുന്നത്.

ഇത്തവണ കടുത്ത പോരാട്ടം നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ നീലകണ്ഠനാണ് ലീഡ് ചെയ്യുന്നത്. 78602 വോട്ടുകളാണ് അദ്ദേഹം നേടിയിരിക്കുന്നത്. സി.പി.ഐ.എമ്മിന്റെ സി.എച്ച് കുഞ്ഞമ്പു 73738 വോട്ട് നേടി രണ്ടാം സ്ഥാനത്താണ് ബി.ജെ.പിയുടെ മനുലാല്‍ മൂന്നാം സ്ഥാനത്താണ്.

1991ല്‍ സി.പി.ഐ.എമ്മിന്റെ പി. രാഘവന്‍ കോണ്‍ഗ്രസിന്റെ കെ.പി കുഞ്ഞിക്കണ്ണനെതിരെ വിജയിച്ചതിന് ശേഷം ഇതുവരെ ഉദുമ മണ്ഡലത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിയിട്ടില്ല.

1996ല്‍ സമാനമായ ഏറ്റുമുട്ടല്‍ തന്നെയാണ് മണ്ഡലത്തിലുണ്ടായത്. അപ്പോഴും ജയം പി രാഘവനൊപ്പം നിന്നു. 2001 മുതല്‍ 2016 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയിച്ച് ഇടതുപക്ഷം കോട്ട കാത്തു.

2001ല്‍ കെ വി കുഞ്ഞിരാമന്‍ 9,600ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി കെ ശ്രീധരനെ പരാജയപ്പെടുത്തിയത്. 2006ല്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. യുഡിഎഫിന്റെ പി ഗംഗാധരന്‍ നായര്‍ക്കെതിരെ 27,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ വി കുഞ്ഞിരാമന്‍ വിജയിച്ചത്.

2011ല്‍ കെ കുഞ്ഞിരാമനും സി കെ ശ്രീധരനും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍, 11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ കുഞ്ഞിരാമന്‍ മണ്ഡലം നിലനിര്‍ത്തി.
2016ല്‍ കെ. കുഞ്ഞിരാമന്‍ വീണ്ടും വിജയിക്കുന്ന കാഴ്ചയാണ് കാണാനായത്.

2021ല്‍ സി എച്ച് കുഞ്ഞമ്പുവിനെയാണ് എല്‍.ഡി.എഫ് ഉദുമയില്‍ ഇറക്കിയത്. യു.ഡി.എഫിന്റെ ബാലകൃഷ്ണ പെരിയയെ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മറികടന്നാണ് കുഞ്ഞമ്പു മണ്ഡലം നിലനിര്‍ത്തിയത്.

കാസര്‍കോട്

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ലീഗിന്റെ കല്ലട്ര മാഹിന്‍ ഹാജി 22,698 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയം സ്വന്തമാക്കി. 76,396 വോട്ടാണ് അദ്ദേഹം നേടിയത്. കാലങ്ങളായി യു.ഡി.എഫിന്റെ കൈയ്യിലുള്ള ഉറച്ച മണ്ഡലമാണ് കാസര്‍കോട്. ഇത്തവണയും ആ പ്രതീക്ഷ തെറ്റിച്ചില്ല. മുസ്‌ലിം ലീഗിനോട് ചായ്‌വുള്ള മണ്ഡലം കൂടിയാണിത്.

ഇവിടെ സി.പി.ഐ.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ( 36,678 വോട്ട്). രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയുടെ അശ്വനി എം.എല്‍ 53,698 വോട്ട് നേടി.

ബി.ജെ.പി വോട്ടുകള്‍ കുറച്ചുകൊണ്ട് രണ്ടാം സ്ഥാനത്ത് എത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. എന്നാല്‍ ശക്തമായ മത്സരം കാഴ്ചവച്ച ബി.ജെ.പി രണ്ടാം സ്ഥാനം നിലനിര്‍ത്തി.

കാസര്‍കോട് നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് കാസര്‍കോട് നിയോജക മണ്ഡലത്തിന്റെ ഭാഗമായുള്ളത്. ജില്ലയുടെ ആസ്ഥാന നിയമസഭാ മണ്ഡലമാണ് കാസര്‍കോട്. 1977 -ല്‍ രൂപീകൃതമായത് മുതല്‍ മുസ്‌ലിം ലീഗിന്റെ സമഗ്രാധിപത്യമാണ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ കാണാന്‍ കഴിയുക. 2011 മുതല്‍ മുസ്‌ലിം ലീഗിന്റെ എന്‍.എ നെല്ലിക്കുന്നാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.

2011ല്‍ നെല്ലിക്കൂന്ന് നേടിയത് 53,068 വോട്ടുകളായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ജയലക്ഷ്മി എന്‍. ഭട്ടിന് ലഭിച്ചത് 43,330 വോട്ടുകളും. ഐ.എന്‍.എല്ലിന്റെ അസീസ് കടപ്പുറം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പില്‍ 8,600 വോട്ടുകള്‍ക്കാണ് എന്‍.എ നെല്ലിക്കുന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രവിശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12,901 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്തിനെ പരാജയപ്പെടുത്തി എന്‍.എ നെല്ലിക്കുന്ന് മൂന്നാമതും എം.എല്‍.എയായി. അതേസമയം ഭരണകക്ഷിയായിരുന്ന എല്‍.ഡി.എഫ് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

എന്നാല്‍, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗിന് ഒരു ശതമാനം വീതം വോട്ട് കുറഞ്ഞു വരുന്നെന്ന് കണക്കുകള്‍ കാണിക്കുന്നു. 2011 -ല്‍ 45.35 ശതമാനവും, 2016 -ല്‍ 44.72 ശതമാനവും 2021 -ല്‍ 43.81 ശതമാനവുമായിരുന്നു മുസ്‌ലിം ലീഗിന്റെ വോട്ട് ഷെയര്‍ കണക്കുകള്‍.

കാഞ്ഞങ്ങാട് 

ജില്ലയിലെ മറ്റ് മണ്ഡലങ്ങള്‍ കൈവിട്ടപ്പോഴും കാഞ്ഞങ്ങാട് മണ്ഡലം ഇത്തവണയും എല്‍.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ 15224 വോട്ടിന് ലീഡ് നേടിയിട്ടുണ്ട്. 79,920 വോട്ടുകളാണ് നേടിയത്.

രണ്ടാം സ്ഥാനത്തെത്തിയ കേരളാ കോണ്‍ഗ്രസിന്റെ ഷൈജി ഓട്ടപ്പള്ളി 64,604 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥിയായ എം ബല്‍രാജ് 27,063 വോട്ടുകളാണ് നേടിയത്.

2021 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ 27,139 വോട്ടിന്റെ ലീഡിനാണ് ഇവിടെ വിജയിച്ചത്. 2011 -ലും 2016 -ലും 2021 -ലും കൃത്യമായി ലീഡ് നില ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാടിനെ ഇടത് കോട്ടയായി ഉറപ്പിച്ച് നിര്‍ത്തിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ യു,ഡി,എഫിന് വേണ്ടി നേരത്തെ മത്സരിച്ചിരുന്നത്.

കാഞ്ഞങ്ങാടിനെ പ്രതിനിധീകരിച്ച് സി.പി.ഐ സ്ഥാനാര്‍ത്ഥിയായ ഇ. ചന്ദ്രശേഖരന്‍ 2011 ല്‍ ആദ്യമായി നിയമസഭയിലെത്തി. യു.ഡി.എഫിന്റെ എം.സി ജോസിനെ 12,178 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു ആദ്യ ജയം. പിന്നീടങ്ങോട്ട് കാഞ്ഞങ്ങാട് മണ്ഡലം ചന്ദ്രശേഖരനൊപ്പം മാത്രമാണ് നിലകൊണ്ടത്.

2016 ല്‍ തുടര്‍ച്ചയായ രണ്ടാം തവണയും ചന്ദ്രശേഖരനെ തന്നെ കളത്തിലിറക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം ഫലം കണ്ടു. ഭൂരിപക്ഷം മുന്‍ തവണത്തേക്കാള്‍ ഇരട്ടിയിലധികമായി വര്‍ധിപ്പിച്ച അദ്ദേഹം വിശ്വാസം കാത്തു.

2008 ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെയാണ് കാഞ്ഞങ്ങാട് മണ്ഡലം നിലവില്‍ വന്നത്. അതിന് മുമ്പ് ഇത് ഹോസ്ദുര്‍ഗ് മണ്ഡലമായിരുന്നു. 2011 ലാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.

ഇ. ചന്ദ്രശേഖരന്‍ ഇത്തവണ മാറിനിന്നത് മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗത്തിലും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മണ്ഡലം സി.പി.ഐ.എമ്മിന് വേണ്ടി നിലനിര്‍ത്തി.

Content Highlight: Kasaragod district abandons the Left as well; managed to win in only one constituency