മഞ്ചേശ്വരം: കാസര്‍ഗോട്ട് ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 66ൽ ക്രെയിന്‍ ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാസര്‍ഗോട്ടെ മൊഗ്രാല്‍പുത്തൂരിലാണ് സംഭവം.
വടകര സ്വദേശി അക്ഷയ് (30), അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് (വ്യാഴം) 12 മണിയോടെയാണ് അപകടം നടന്നത്. ക്രെയിനോട് ഘടിപ്പിച്ച ബക്കറ്റിന്റെ ഒരു ഭാഗം തകര്‍ന്നുവീണതോടെ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയിരുന്നു.
കുമ്പളയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അക്ഷയ് മരണപ്പെട്ടത്. അശ്വിന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചും. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ദേശീയപാത നിര്‍മാണത്തിന്റെ ആദ്യ റീച്ച് പൂര്‍ത്തിയാക്കിയ ഭാഗങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ്.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഈ മേഖലയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം സമാനമായി ക്രെയിനിന്റെ ബക്കറ്റ് പൊട്ടിവീണ് ഒരു കാര്‍ തകര്‍ന്നിരുന്നു. കൂടാതെ ചെര്‍കുളം റീച്ചിലെ മേല്‍പ്പാലത്തില്‍ നിന്ന് അസം സ്വദേശിയായ ഒരു യുവാവ് വീണ് മരിക്കുകയും ചെയ്തിരുന്നു.