2026ലെ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകാനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മത്സരം നടത്താനാണ് കെ.സി.എ ശ്രമം നടത്തുന്നതെന്ന് സെക്രട്ടറി വിനോദ് എസ്. കുമാര്‍.
ഐ.പി.എല്‍ മത്സരങ്ങള്‍ എവിടെ വെച്ച് നടത്തണമെന്ന് തീരുമാനിക്കുന്നത് ടീമുകളാണെന്നും, അടുത്ത സീസണില്‍ റോയല്‍ ചലലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റേഡിയത്തിന്റെ പ്രശ്‌നം കാരണം സൗത്ത് ഇന്ത്യയില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയുണ്ടെന്നും വിനോദ് പറഞ്ഞു.
‘ഐ.പി.എല്‍ മത്സരങ്ങള്‍ എവിടെ വെച്ച് നടത്തണമെന്ന് തീരുമാനിക്കുന്നത് ടീമുകളാണ്. ഇവിടെ (കാര്യവട്ടം) വെച്ച് ഒന്നോ രണ്ടോ മത്സരങ്ങള്‍ നടത്താന്‍ തയ്യാറാണെങ്കില്‍ മുന്നോട്ടുപോകും. നമുക്കും വലിയ പ്രതീക്ഷയാണ്, അടുത്ത സീസണില്‍ റോയല്‍ ചലലഞ്ചേഴ്‌സ് ബെംഗളൂരു സ്റ്റേഡിയത്തിന്റെ പ്രശ്‌നം കാരണം സൗത്ത് ഇന്ത്യയില്‍ ഒന്നോ രണ്ടോ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മത്സരങ്ങള്‍ നടന്നേക്കും,’ വിനോദ് എസ്. കുമാര്‍ പറഞ്ഞു.
2025ലെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ കിരീടം നേടിയതിന്റെ വിജയാഘോഷ പരിപാടിക്കിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നിന്ന് തിക്കിലും തിരക്കിലും പെട്ട് മരണങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബെംഗളൂരുവിന്റെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് വലിയ ആവേശം നല്‍കുമെന്നത് ഉറപ്പാണ്. അതേസമയം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കെ.സി.എല്‍ മത്സരങ്ങള്‍ അരങ്ങേറുകയാണ്. വിജയകമായി നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകള്‍ വാശിയേറിയ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരാടും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടി20 ടൂര്‍ണമെന്റാണിത്.