ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് നടത്തിയ റാലിയിലെ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൂരിലെ ദുരന്തം ദൗർഭാഗ്യകരമെന്ന് മോദി എക്സിൽ കുറിച്ചു.
തന്റെ ഹൃദയം മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമെന്നും മോദി എക്സിൽ കുറിച്ചു. പരിക്കേറ്റ ആളുകൾക്ക് ഉടൻ തന്നെ സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.
അതേസമയം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40ലേറെ പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതികരിച്ചു.
കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അടിയന്തര സഹായങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്റ്റാലിന്‍ വിവരം അറിയിച്ചത്. വന്‍ അപകടം നടന്നതില്‍ വിജയിയെ അറസ്റ്റ് ചെയ്യണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. മാത്രമല്ല മുഖ്യമന്ത്രി ഉടൻ ദുരന്തസ്ഥലത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ഒരു മണിക്ക് വേദിയിലെത്തുമെന്നായിരുന്നു വിജയ് അറിയിച്ചിരുന്നത്. എന്നാല്‍ ആറ് മണിക്കൂര്‍ വൈകി വൈകീട്ട് ഏഴരയോടെയാണ് വിജയ് സ്ഥലത്തെത്തിയത്.
അത്രയേറെ നേരം വിജയ്‌യെ കാത്തിരുന്നിട്ടും ക്ഷീണിതരായ ആളുകള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല, വിജയ് എത്തിയതോടെ ആരാധകരുള്‍പ്പെടെ ഇളകി മറിഞ്ഞതും തിക്കും തിരക്കും രൂപപ്പെട്ടതുമാണ് അപകടം രൂക്ഷമാക്കിയത്. കിലോമീറ്റര്‍ നീണ്ട ജനങ്ങളുടെ നിരയാണ് പ്രദേശത്തുണ്ടായത്. അപകടത്തിന് ശേഷം ആംബുലന്‍സിന് സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.
Content Highlight: Karur tragedy is unfortunate; Prime Minister expresses condolences