വിജയ്‌ക്കെതിരെ കേസെടുക്കും; കരൂര്‍ ദുരന്തത്തിൽ കുട്ടികളടക്കം 40 മരണം
India
വിജയ്‌ക്കെതിരെ കേസെടുക്കും; കരൂര്‍ ദുരന്തത്തിൽ കുട്ടികളടക്കം 40 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2025, 6:43 am

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരണം 40 ആയി. മരണപ്പെട്ടവരില്‍ ഒമ്പത് കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 86 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

മരണസംഖ്യ ഉയരാന്‍ ഇനിയും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ കരൂരിലെ അപകടത്തില്‍ തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പൊലീസ് മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ടി.വി.കെ മേധാവി വിജയ്‌ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.


കരൂരിലേത് ഹൃദയം തകര്‍ക്കുന്ന അപകടമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. നിലവില്‍ എം.കെ. സ്റ്റാലിന്‍ കരൂരിലെത്തിയിട്ടുണ്ട്. മരിച്ചവര്‍ക്ക് അന്തിമോപചാരം അർപ്പിച്ചു.

തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സംഘടിപ്പിച്ച പരിപാടിക്കിടെ ഇത്രയധികം ആളുകള്‍ മരിക്കുന്നത് ഇതാദ്യമായാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇതുപോലൊരു ദുരന്തം ഭാവിയില്‍ ഉണ്ടാകരുതെന്നും കരൂരിലേത് വിശദീകരിക്കാന്‍ കഴിയാത്ത അപകടമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

ഇന്നലെ (ശനി) രാത്രി ഏഴ് മണിയോടെയാണ് കരൂരില്‍ അപകടമുണ്ടായത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരിപാടിയിലേക്ക് വിജയ് വൈകിയെത്തിയതും മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷീണിതനായ ജനങ്ങള്‍ക്ക് നേരെ വിജയ് കുടിവെള്ള കുപ്പികള്‍ എറിഞ്ഞതുമാണ് അപകടത്തിന് കാരണമായത്.

വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞതോടെ ഉണ്ടായ ഉന്തും തള്ളുമാണ് അപകടത്തിലേക്ക് നയിച്ചത്. പതിനായിരം പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയിലേക്ക് ഒന്നരലക്ഷം ആളുകളാണ് എത്തിയത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മരണസംഖ്യ വലിയ തോതില്‍ ഉയരുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്‌ഡി, സിദ്ധരാമയ്യ അടക്കമുള്ള നേതാക്കള്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അപകടത്തെ തുടര്‍ന്ന് ഡി.എം.കെ സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവവര്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും കൈമാറും.

Content Highlight: Karur tragedy; 39 dead including children, case to be filed against Vijay