ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ ടി.വി.കെ പാര്‍ട്ടിയുടെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ സ്ഥലത്ത് സുപ്രീംകോടതിയുടെ സംഘം പരിശോധന നടത്തും. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സംഘം ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പരിശോധന നടത്തും.
റിട്ട. ജസ്റ്റിസ് അജയ് റോസ്തഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധന നടത്തുക. സമിതിയില്‍ ബി.എസ്.എഫില്‍ ഡെപ്യൂട്ടേഷനിലുള്ള സുമിത് സരണ്‍, ന്യൂദല്‍ഹിയില്‍ പ്രൊവിഷനിങ് നടത്തുന്ന സോണല്‍ വി. മിശ്ര എന്നിവരാണ് മറ്റംഗങ്ങള്‍.
സമിതി സ്ഥലത്ത് മൂന്ന് ദിവസം ക്യാമ്പ് ചെയ്തായിരിക്കും പരിശോധന നടത്തുക. ഇതിനായി ചെക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് സംഭവങ്ങളെ ക്രമത്തില്‍ മാപ്പ് ചെയ്ത് ഗ്രൗണ്ട് സീറോയിലെ ഓരോ സ്ഥലവും സുപ്രീം കോടതി പാനല്‍ പരിശോധിക്കും.
കരൂരിലെ പ്രാദേശിക ഭരണകൂടത്തിനോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. റാലിയില്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, സുരക്ഷാ വിലയിരുത്തലുണ്ടായോ ആള്‍ക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കും ആരംഭിച്ചപ്പോള്‍ അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ എങ്ങനെ സജീവമാക്കി എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരം പ്രാദേശിക ഭരണകൂടത്തില്‍ നിന്നും തേടും.
രാഷ്ട്രീയ റാലിക്ക് നല്‍കിയ അനുമതി, ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പരിപാടികളുടെ പര്യാപ്തത, തിക്കും തിരക്കും എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും.
നേരത്തെ സുപ്രീം കോടതി പാനല്‍ കേസില്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ വൃത്തങ്ങളുമായി യോഗം ചേര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ സി.ബി.ഐ പാനലിന് സമര്‍പ്പിക്കുകയും ചെയ്തു.