നടനും ടി.വി.കെ നേതാവുമായ വിജയ്ക്ക് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ വീടിന് നേരെയാണ് ബോംബ് ഭീഷണി. കരൂരിലെ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് വിജയ്ക്ക് നേരെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
കരൂരിലെ ദുരന്തത്തിന് ശേഷം ചെന്നൈയിലെ വീട്ടിലേക്ക് തിരിച്ചെത്തിയ വിജയ്ക്കും താരത്തിന്റെ വീടിനും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഇതിനിടെയാണ് ബോംബ് ഭീഷണിയും. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന തുടരുകയാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് വ്യക്തമായിട്ടില്ല.
നാല്‍പത് പേര്‍ മരിച്ച കരൂരിലെ ദുരന്തത്തിന് കാരണമായത് വിജയ്‌യുടെയും പാര്‍ട്ടിയായ ടി.വി.കെയുടെയും അനാസ്ഥയാണെന്ന് തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡി.എം.കെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് രാജ്യത്തെ നടുക്കിയ ആള്‍ക്കൂട്ട ദുരന്തമുണ്ടായത്. വിജയ് നടത്തിയ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഗര്‍ഭിണികളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അധ്യക്ഷ റിട്ടയേര്‍ഡ് ജഡ്ജി അരുണ ജഗദീശ് കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മികച്ച ചികിത്സയാണ് പരിക്കേറ്റവര്‍ക്ക് ഒരുക്കിയിരിക്കുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അരുണ ജഗദീശന്റെ നേതൃത്വത്തിലുള്ള ഏകാംഗ അന്വേഷണ കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനിടെ, ടി.വി.കെ സംസ്ഥാന ഭാരവാഹികളെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. വിജയ്‌യുടെ പേരില്‍ കേസെടുത്ത് ഇര പരിവേഷം നല്‍കേണ്ടെന്ന നിലപാടിലാണ് ഡി.എം.കെ.
അതേസമയം, ടി.വി.കെയുടെ റാലികള്‍ തടയണമെന്ന ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതിയും അറിയിച്ചു. നടപടി ക്രമം പാലിക്കാതെയാണ് ഹരജി സമര്‍പ്പിച്ചതെന്ന് കോടതി പറഞ്ഞു. കരൂര്‍ സ്വദേശി സെന്തില്‍ കണ്ണന്‍ കൊടുത്ത ഹരജിയാണ് അടിയന്തരമായി പരിഗണിക്കാതെ മാറ്റിവെച്ചത്.
ദുരന്തത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെയും ഹരജി നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ ഗൂഢാലോചന നടന്നെന്ന് സംശയമുണ്ടെന്ന് ടി.വി.കെ. പറഞ്ഞു.
Content Highlight: Bomb threat against Vijay; Security tightened at house