കാരുണ്യ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം കിട്ടും: ആവര്‍ത്തിച്ച് കെ.കെ ശൈലജ ടീച്ചര്‍
Kerala
കാരുണ്യ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം കിട്ടും: ആവര്‍ത്തിച്ച് കെ.കെ ശൈലജ ടീച്ചര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 1:59 pm

 

തിരുവനന്തപുരം: കാരുണ്യ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ലഭ്യമാക്കുന്നതിനുള്ള ഉത്തരവ് ഉടന്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ധനവകുപ്പുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കാരുണ്യ ആനുകൂല്യം ലഭിച്ചിരുന്നവര്‍ക്കാണ് തുടര്‍ന്നും സഹായം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞത് ഈ കിട്ടുന്ന ആനുകൂല്യം നഷ്ടപ്പെട്ടുപോകരുത്. നിങ്ങള്‍ ആശുപത്രികള്‍ക്കെല്ലാം നിര്‍ദേശം കൊടുക്കണമെന്നാണ്. ഞാന്‍ ആ നിര്‍ദേശം കൊടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു ഡ്രാഫ്റ്റ് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

ധനകാര്യ വകുപ്പ് അതേ കുറിച്ച് പരിശോധിക്കുന്നുണ്ട്. അതിന്റെ നടപടി കഴിയുന്ന പക്ഷം ആ ഉത്തരവ് ഇറങ്ങുന്നതാണ്. കാരുണ്യ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയ ആളുകള്‍ക്ക് തുടര്‍ന്നും ആനുകൂല്യം കിട്ടും’- മന്ത്രി പറഞ്ഞു.

കാരുണ്യ പദ്ധതി നീട്ടുമെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രഖ്യാപനം തള്ളിക്കൊണ്ടായിരുന്നു നേരത്തെ ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം വന്നത്. പദ്ധതി ഈ സാമ്പത്തികവര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നു മാസം രണ്ടു പദ്ധതികളും ഒന്നിച്ചു നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണ്‍ 30നാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കിയത്. ചികില്‍സ സഹായം ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തിയിരുന്നു. ലക്ഷങ്ങള്‍ക്ക് ആശ്രയമായ ‘കാരുണ്യ’ ചികില്‍സാ പദ്ധതി അടുത്ത മാര്‍ച്ച 31 വരെ തുടരുമെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ പറയുകയും ചെയ്തു.

ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയിലെത്തി. പ്രത്യേക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നിഷേധിക്കരുതെന്ന് ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.