സംവിധായകനായാല്‍ ആ നടന്‍ ഞെട്ടിക്കും, ഓരോ സീനും പറഞ്ഞ് കേള്‍പ്പിക്കുന്നത് കണ്ടപ്പോള്‍ ജിം കാരിയെ ഓര്‍മ വന്നു: കാര്‍ത്തി
Indian Cinema
സംവിധായകനായാല്‍ ആ നടന്‍ ഞെട്ടിക്കും, ഓരോ സീനും പറഞ്ഞ് കേള്‍പ്പിക്കുന്നത് കണ്ടപ്പോള്‍ ജിം കാരിയെ ഓര്‍മ വന്നു: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th August 2025, 10:58 pm

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കാര്‍ത്തി. ആദ്യചിത്രമായ പരുത്തിവീരന്‍ മുതല്‍ ഏറ്റവുമൊടുവിലിറങ്ങിയ മെയ്യഴകനില്‍ വരെ തന്റെ പ്രകടനം കൊണ്ട് കാര്‍ത്തി വിസ്മയിപ്പിച്ചു. തമിഴില്‍ അധികം ഹേറ്റേഴ്‌സില്ലാത്ത നടന്മാരിലൊരാള്‍ കൂടിയാണ് കാര്‍ത്തി. തന്റെ സമകാലീനരായ നടന്മാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കാര്‍ത്തി ശ്രദ്ധ ചെലുത്താറുണ്ട്.

കാര്‍ത്തിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് രവി മോഹന്‍. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രവി മോഹന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുമ്പോള്‍ സ്വഭാവികമായും ടെന്‍ഷനുണ്ടാകുമെന്ന് കാര്‍ത്തി പറഞ്ഞു.

‘അവന്‍ പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിന്റെ കൂടെ സംവിധാനത്തിലേക്കും കടക്കുന്നെന്ന് കേട്ടു. അവന്റെയുള്ളില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. ഈയടുത്ത് ഒരു ഫങ്ഷനില്‍ എന്റെ കൂടെ രവിയും ഉണ്ടായിരുന്നു. അന്ന് അവന്‍ ഒരു കഥ എന്നോട് പറഞ്ഞു. ആ പടം അവന് സംവിധാനം ചെയ്യണമെന്ന് പറഞ്ഞായിരുന്നു തുടങ്ങിയത്.

അവന്റെ നരേഷന്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. ഓരോ സീനും അവന്‍ അഭിനയിച്ച് കാണിക്കുമായിരുന്നു. എന്താ പറയുക, ഹോളിവുഡ് ഡയറക്ടര്‍ ജിം കാരിയെപ്പോലെയാണ് ആ സമയത്ത് എനിക്ക് തോന്നിയത്. അന്ന് പറഞ്ഞ കഥയിലെ പകുതി ഹ്യൂമര്‍ അവന്‍ ഇനി സംവിധാനം ചെയ്യുന്ന പടത്തിലുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഇഷ്ടമാകും,’ കാര്‍ത്തി പറയുന്നു.

തനിക്ക് താത്പര്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് രവി മോഹന്‍ ലോഞ്ചില്‍ സംസാരിച്ചത്. രണ്ട് സിനിമകളാണ് രവി മോഹന്‍ സ്റ്റുഡിയോസ് അനൗണ്‍സ് ചെയ്തത്. യോഗി ബാബുവിനെ നായകനാക്കി രവി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രവും പ്രൊഡക്ഷന്‍ ലൈനപ്പിലുണ്ട്.

 

കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോ കോഡ്, ശക്തിവേല്‍ സംവിധാനം ചെയ്യുന്ന കാക്കി സ്‌ക്വാഡ് എന്നിവയാണ് രവി മോഹന്‍ സ്റ്റുഡിയോയുടെ ലൈനപ്പിലുള്ളത്. എസ്.ജെ. സൂര്യയും രവി മോഹനുമാണ് ബ്രോ കോഡിലെ പ്രധാന താരങ്ങള്‍. കനാ രവിയാണ് കാക്കി സ്‌ക്വാഡിലെ നായകന്‍.

Content Highlight: Karthi Saying Ravi Mohan will make wonders as a director